India Mirror News

കള്ളപ്പണ ഇടപാടിന് ബാങ്ക് അക്കൗണ്ടുകൾ വാടകയ്ക്കെടുക്കുന്നു; കമ്മീഷൻ 15 ലക്ഷം വരെ.

കോഴിക്കോട്: ഹവാല, കള്ളപ്പണ ഇടപാടുകൾക്കായി ബാങ്ക് അക്കൗണ്ടുകൾ വാടകയ്ക്ക് ആവശ്യപ്പെട്ട് തട്ടിപ്പ് സംഘങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പരസ്യങ്ങൾ വ്യാപകമാക്കുന്നു. കേവലം ഏഴ് ദിവസത്തേക്ക് കോർപ്പറേറ്റ് അക്കൗണ്ടുകൾ നൽകിയാൽ 15 ലക്ഷം രൂപ വരെ കമ്മീഷൻ നൽകാമെന്ന് വാഗ്ദാനം ചെയ്താണ് ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നിവയിലൂടെ യുവാക്കളെയും ബിസിനസ്സുകാരെയും പ്രധാനമായും സംഘം വലയിലാക്കുന്നത്. ഇത്തരത്തിൽ പ്രചരിച്ച ഒരു പരസ്യത്തിലെ നമ്പറിലേക്ക് റിപ്പോർട്ടർ നേരിട്ട് ബന്ധപ്പെട്ടപ്പോഴാണ് കോടികളുടെ കള്ളപ്പണ ഇടപാടുകൾ ഒളിഞ്ഞിരിക്കുന്ന ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. ബന്ധപ്പെട്ട ഉടൻ തന്നെ ബിസിനസ് ക്യു ആർ കോഡ് ഉണ്ടോ എന്നും, കൊൽക്കത്തയിലേക്ക് വരാൻ സാധിക്കുമോ എന്നുമാണ് സംഘം ആരാഞ്ഞത്. കൊൽക്കത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന ട്രേഡിംഗ് കമ്പനിക്കാണെന്നും എല്ലാം പൂർണ്ണമായും നിയമപരമാണെന്നും വിശ്വസിപ്പിക്കാൻ ശ്രമിച്ച സംഘം, പിന്നീട് വോയിസ് മെസ്സേജുകൾ വഴി ഒഴിഞ്ഞുമാറാൻ ശ്രമിച്ചെങ്കിലും അക്കൗണ്ട് നൽകാൻ തയ്യാറായാൽ കൊൽക്കത്തയിലേക്കുള്ള യാത്രാ സൗകര്യങ്ങൾ ഉടനടി ഒരുക്കാമെന്ന അവസാന സന്ദേശവും കൈമാറി.

കോടികളുടെ അനധികൃത ഹവാല ഇടപാടുകൾക്ക് പുറമെ രാജ്യദ്രോഹ പ്രവർത്തനങ്ങൾക്ക് വരെ ഇത്തരം വാടക അക്കൗണ്ടുകൾ അഥവാ ‘മ്യൂൾ അക്കൗണ്ടുകൾ’ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ടെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ഈ കെണിയിൽ വീഴുന്ന സാധാരണക്കാരായ അക്കൗണ്ട് ഉടമകൾ പലപ്പോഴും വലിയ നിയമക്കുരുക്കുകളിലാണ് ചെന്നുചാടുന്നത്. തട്ടിപ്പ് സംഘവുമായി നടത്തിയ നിർണ്ണായക ചാറ്റുകളും മറ്റ് വിശദാംശങ്ങളും നിലവിൽ സൈബർ പോലീസിന് കൈമാറിയിട്ടുണ്ട്. വലിയ തുകകളുടെ പ്രലോഭനങ്ങളിൽ വീണ് ബാങ്ക് അക്കൗണ്ടുകളും രേഖകളും അപരിചിതർക്ക് കൈമാറരുതെന്ന് പോലീസ് ശക്തമായ മുന്നറിയിപ്പ് നൽകുന്നുണ്ട്.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *