India Mirror News

ആണവശേഷി നശിപ്പിച്ചാൽ വിജയം; ഹോർമുസ് ഏറ്റെടുക്കുമെന്ന് ട്രംപ്; എണ്ണ നീക്കം തടയുമെന്ന് ഇറാൻ

ആണവശേഷി നശിപ്പിച്ചാൽ വിജയം; ഹോർമുസ് ഏറ്റെടുക്കുമെന്ന് ട്രംപ്; എണ്ണ നീക്കം തടയുമെന്ന് ഇറാൻ

ഇറാനെതിരായ സൈനിക നീക്കങ്ങൾ ഏകദേശം പൂർത്തിയായെന്നും ആണവായുധം നിർമ്മിക്കാനുള്ള അവരുടെ ശേഷി പൂർണ്ണമായും നശിപ്പിക്കുന്നതോടെ യുദ്ധത്തിൽ അമേരിക്ക വിജയിച്ചതായി പ്രഖ്യാപിക്കുമെന്നും പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി.

സിബിഎസ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് ഈ നിർണ്ണായക പ്രസ്താവന നടത്തിയത്. ഇറാന് നിലവിൽ നാവിക-വ്യോമ സേനകളോ ആശയവിനിമയ സംവിധാനങ്ങളോ അവശേഷിക്കുന്നില്ലെന്നും അവരുടെ മിസൈൽ ശേഖരം തകർന്നടിഞ്ഞെന്നും അദ്ദേഹം അവകാശപ്പെട്ടു. നിലവിൽ ഹോർമുസ് കടലിടുക്ക് തുറന്നുകിടക്കുകയാണെന്നും അവിടെയെത്തുന്ന എണ്ണ ടാങ്കറുകൾക്ക് യുഎസ് നാവികസേന സുരക്ഷയും ഇൻഷുറൻസും ഉറപ്പാക്കുമെന്നും ട്രംപ് അറിയിച്ചു.

ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കുന്നതിനെക്കുറിച്ച് ആലോചനയുണ്ടെന്നും ലോകവിപണിയിൽ എണ്ണവില കുറയ്ക്കുന്നതിനായി ചില രാജ്യങ്ങൾക്കുമേലുള്ള ഉപരോധം നീക്കുന്നത് പരിഗണനയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, അമേരിക്കയുടെ അവകാശവാദങ്ങളെ തള്ളിക്കൊണ്ട് ശക്തമായ തിരിച്ചടി മുന്നറിയിപ്പുമായി ഇറാൻ റവല്യൂഷനറി ഗാർഡ് (IRGC) രംഗത്തെത്തി. യുദ്ധത്തിന്റെ അവസാനം തീരുമാനിക്കുന്നത് തങ്ങളായിരിക്കുമെന്ന് ഐആർജിസി വക്താവ് അലി മുഹമ്മദ് നൈനി പ്രതികരിച്ചു.അമേരിക്കയും ഇസ്രായേലും ആക്രമണം തുടരുകയാണെങ്കിൽ മേഖലയിൽ നിന്ന് ഒരു ലിറ്റർ എണ്ണ പോലും കയറ്റുമതി ചെയ്യാൻ അനുവദിക്കില്ലെന്നും ഹോർമുസ് കടലിടുക്കിലൂടെ ഒരു കപ്പലിനെയും കടത്തിവിടില്ലെന്നും ഇറാൻ തറപ്പിച്ചു പറഞ്ഞു. ടെഹ്റാനിൽ സൈനികമായി ഒന്നും അവശേഷിക്കുന്നില്ലെന്ന ട്രംപിന്റെ പരാമർശത്തിന് മറുപടിയായാണ് ഇറാന്റെ ഈ പുതിയ മുന്നറിയിപ്പ്. യുദ്ധം അവസാനിച്ചെന്ന് ഒരു വശത്ത് പറയുമ്പോഴും റിപ്പബ്ലിക്കൻ പാർട്ടി യോഗത്തിൽ പോരാട്ടം തുടരുമെന്ന ട്രംപിന്റെ ഇരട്ടത്താപ്പും ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.




administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *