India Mirror News

യുഎസ് ഉപരോധം നീങ്ങി, ഹോർമൂസ് കടലിടുക്ക് സാധാരണ നിലയിലേക്ക്; ഇന്ധനവുമായി 40 കപ്പലുകൾ ഇന്ത്യയിലേക്ക് പുറപ്പെടുന്നു

യുഎസ് ഉപരോധം നീങ്ങി, ഹോർമൂസ് കടലിടുക്ക് സാധാരണ നിലയിലേക്ക്; ഇന്ധനവുമായി 40 കപ്പലുകൾ ഇന്ത്യയിലേക്ക് പുറപ്പെടുന്നു

യുഎസ് സൈനിക ഉപരോധം നീക്കിയതിനെ തുടർന്ന് തന്ത്രപ്രധാനമായ ഹോർമൂസ് കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതം സാധാരണ നിലയിലേക്ക് മടങ്ങുന്നു. യുഎസ്-ഇറാൻ സമാധാന ധാരണയ്ക്ക് പിന്നാലെ ഹോർമൂസ് കടലിടുക്കിൽ നിന്ന് കൂടുതൽ കപ്പലുകൾ ഇന്ത്യയിലേക്ക് പുറപ്പെടാൻ തയ്യാറെടുക്കുന്നതായാണ് വിവരം. എൽപിജി ഇന്ധനം നിറച്ച നാല്പതോളം കപ്പലുകളാണ് നിലവിൽ ഇന്ത്യയിലേക്ക് വരാൻ ഒരുങ്ങുന്നത്. പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്ന് കഴിഞ്ഞ മൂന്ന് മാസത്തിലേറെയായി ഈ മേഖലയിൽ കപ്പലുകൾ കുടുങ്ങിക്കിടക്കുകയായിരുന്നു. ഈ കപ്പലുകൾ സുരക്ഷിതമായി ഇന്ത്യയിൽ എത്തുന്നതോടുകൂടി കഴിഞ്ഞ കുറച്ചു നാളുകളായി രാജ്യം നേരിട്ടുകൊണ്ടിരുന്ന കടുത്ത ഊർജ പ്രതിസന്ധിക്ക് വലിയ രീതിയിൽ അയവുവരുമെന്നാണ് കേന്ദ്ര സർക്കാർ കണക്കുകൂട്ടുന്നത്. ഇതിനിടെ ഇന്ത്യയിലേക്ക് പുറപ്പെട്ട ആദ്യ കപ്പലായ ‘ദിഷ’ 62,370 മെട്രിക് ടൺ എൽഎൻജിയുമായി ഇന്ന് ഗുജറാത്തിലെ ദഹേജ് തുറമുഖത്ത് എത്തിച്ചേരും.

ദിഷ വിജയകരമായി യാത്രാപാത പിന്നിട്ടതോടെ ഹോർമുസ് മേഖലയിൽ കുടുങ്ങിക്കിടക്കുന്ന ഇന്ധനവും രാസവളവും അടങ്ങിയ മറ്റ് 34 ഇന്ത്യൻ കപ്പലുകൾ കൂടി ഉടൻ തന്നെ ഇന്ത്യയിലേക്ക് പുറപ്പെടാൻ ഒരുങ്ങുകയാണ്. കപ്പലുകളുടെ സുരക്ഷയുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ കേന്ദ്രസർക്കാർ അതീവ ശ്രദ്ധയോടെ നിരീക്ഷിച്ചുവരികയാണ്. നേരത്തെ ഒമാൻ തീരത്ത് ഉണ്ടായ യുഎസ് ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട പശ്ചാത്തലത്തിൽ ഇന്ത്യൻ കപ്പലുകളുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്ക് രാജ്യം വലിയ മുൻഗണനയാണ് നൽകുന്നത്. പ്രതിസന്ധികൾക്ക് താൽക്കാലിക ശമനമായതോടെ വരും ദിവസങ്ങളിൽ കൂടുതൽ ഇന്ധനക്കപ്പലുകൾ ഇന്ത്യൻ തീരത്തേക്ക് അടുക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *