India Mirror News

വിദ്യാർത്ഥികളെ ബസിൽ കയറ്റാത്ത സംഭവം; സ്വകാര്യ ബസ് കണ്ടക്ടറുടെ ലൈസൻസ് മൂന്ന് മാസത്തേക്ക് സസ്പെൻഡ് ചെയ്തു

വിദ്യാർത്ഥികളെ ബസിൽ കയറ്റാത്ത സംഭവം; സ്വകാര്യ ബസ് കണ്ടക്ടറുടെ ലൈസൻസ് മൂന്ന് മാസത്തേക്ക് സസ്പെൻഡ് ചെയ്തു

വടക്കാഞ്ചേരിയിൽ സ്വകാര്യ ബസ് സ്റ്റാൻഡിൽ വെച്ച് വിദ്യാർത്ഥികൾ കൈകൂപ്പി അപേക്ഷിച്ചിട്ടും ബസിൽ കയറ്റാതെ അപമാനിച്ച സംഭവത്തിൽ കണ്ടക്ടർക്കെതിരെ മോട്ടോർ വാഹന വകുപ്പ് ശക്തമായ നടപടി സ്വീകരിച്ചു. വിദ്യാർത്ഥികളെ വഴിയിൽ നിർത്തിയ ബസ് കണ്ടക്ടർ രാംദാസിന്റെ ലൈസൻസ് മൂന്ന് മാസത്തേക്കാണ് മോട്ടോർ വാഹന വകുപ്പ് സസ്പെൻഡ് ചെയ്തത്. ഇതിനുപുറമെ ഇയാൾക്ക് പ്രത്യേക ബോധവൽക്കരണ ക്ലാസ് നൽകാനും അധികൃതർ തീരുമാനിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് വടക്കാഞ്ചേരി ജോയിന്റ് ആർടിഓ ഓഫീസിലേക്ക് കണ്ടക്ടറെ വിളിച്ചു വരുത്തി വിശദീകരണം കേട്ട ശേഷമാണ് ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെയുള്ള കർശന നടപടികളിലേക്ക് ഉദ്യോഗസ്ഥർ കടന്നത്. കഴിഞ്ഞ ദിവസം വൈകിട്ട് സ്കൂൾ സമയം കഴിഞ്ഞ് വീട്ടിലേക്ക് പോകാനായി വടക്കാഞ്ചേരി ബസ് സ്റ്റാൻഡിൽ കാത്തുനിന്ന ക്ലീലിയാ സ്കൂളിലെ സിയാൻ അടക്കമുള്ള വിദ്യാർത്ഥികൾക്കാണ് സ്വകാര്യബസ് ജീവനക്കാരനിൽ നിന്നും ക്രൂരമായ ഈ അനുഭവം നേരിടേണ്ടി വന്നത്.

വിദ്യാർത്ഥികൾക്ക് യാത്രാ ആനുകൂല്യമുള്ള കൺസഷൻ ടിക്കറ്റ് നിരക്ക് ആയതിനാൽ കുറച്ചു കുട്ടികളെ മാത്രമേ ബസിൽ കൊണ്ടുപോകാൻ കഴിയൂ എന്ന വാശിയിലായിരുന്നു കണ്ടക്ടർ രാംദാസ്. തങ്ങൾക്ക് വീട്ടിലെത്താൻ വൈകുമെന്നും അതിനാൽ ബസിൽ കയറ്റാൻ സഹായിക്കണമെന്നും ഒരു വിദ്യാർത്ഥി കൈകൂപ്പി അപേക്ഷിച്ചിട്ടും കണ്ടക്ടർ ക്രൂരമായി മുഖംതിരിക്കുകയായിരുന്നു. എന്നാൽ ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയർന്നുവന്നത്. വിദ്യാർത്ഥി സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തി. സംഭവം വിവാദമായതോടെ ജില്ലാ ഭരണകൂടവും പൊലീസും മോട്ടോർ വാഹന വകുപ്പും അടിയന്തരമായി വിഷയത്തിൽ ഇടപെടുകയും, ബസ് കണ്ടക്ടറെ നേരിട്ട് വിളിച്ചുവരുത്തി ലൈസൻസ് പിടിച്ചെടുക്കുകയുമായിരുന്നു.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *