യമനിൽ സഖ്യസേനയുടെയും സർക്കാർ അനുകൂല സൈന്യത്തിന്റെയും നിയന്ത്രണത്തിലുള്ള പ്രദേശങ്ങൾക്ക് നേരെ ഹൂത്തി വിമതർ ആക്രമണം കടുപ്പിച്ചതോടെ കരയുദ്ധം വീണ്ടും ശക്തമായി. സമാധാന ചർച്ചകൾ പൂർണ്ണമായും സ്തംഭിച്ച പശ്ചാത്തലത്തിൽ, പടിഞ്ഞാറൻ മേഖലകളിലേക്ക് പിടിമുറുക്കാനുള്ള ശ്രമത്തിനിടെ രൂക്ഷമായ ഏറ്റുമുട്ടലുകളിൽ അറുപതോളം സാധാരണക്കാർ കൊല്ലപ്പെട്ടതായി അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എണ്ണനിക്ഷേപമുള്ള മരീബ് നഗരത്തെ ലക്ഷ്യമിട്ടും തായിസ് പ്രവിശ്യയിലെ തന്ത്രപ്രധാനമായ പാതകൾ കൈവശപ്പെടുത്താനുമാണ് ഹൂത്തികൾ പ്രധാനമായും മുന്നേറ്റം നടത്തുന്നത്. കനത്ത ഷെല്ലിംഗും റോക്കറ്റ് ആക്രമണങ്ങളുമാണ് ഹൂത്തി വിമതരുടെ ഭാഗത്തുനിന്നുണ്ടാകുന്നത്. ഇതിന് മറുപടിയായി സഖ്യസേനയുടെ വ്യോമസേനാ വിഭാഗങ്ങൾ ഹൂത്തി കേന്ദ്രങ്ങൾക്ക് നേരെ ശക്തമായ വ്യോമാക്രമണങ്ങളും നടത്തിവരുന്നുണ്ട്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നടക്കുന്ന പോരാട്ടങ്ങളിൽ ഇരുഭാഗത്തുനിന്നുമായി നിരവധി പേർ കൊല്ലപ്പെട്ടതായി സൈനിക വൃത്തങ്ങൾ അറിയിച്ചു. പുതിയ അക്രമ സംഭവങ്ങൾ രാജ്യത്തെ സമാധാന പ്രതീക്ഷകൾക്ക് കനത്ത തിരിച്ചടിയാകുകയും ആയിരക്കണക്കിന് ജനങ്ങളെ വീണ്ടും പലായനം ചെയ്യാൻ നിർബന്ധിതരാക്കുകയും ചെയ്തിട്ടുണ്ട്. പോരാട്ട മേഖലകളിലേക്ക് അടിയന്തര മാനുഷിക സഹായങ്ങളും മരുന്നുകളും എത്തിക്കുന്നത് തടസ്സപ്പെട്ടതോടെ സ്ഥതിഗതികൾ അതീവ ഗുരുതരമാണെന്നും രാജ്യം വലിയൊരു മാനുഷിക ദുരന്തത്തിലേക്ക് നീങ്ങുകയാണെന്നും ഐക്യരാഷ്ട്രസഭയും വിവിധ ദുരിതാശ്വാസ ഏജൻസികളും മുന്നറിയിപ്പ് നൽകി. 2014 മുതൽ ആഭ്യന്തരയുദ്ധം രൂക്ഷമായ യെമനിൽ ഇതിനോടകം ഒന്നര ലക്ഷത്തോളം പേർ കൊല്ലപ്പെട്ടതായാണ് കണക്കുകൾ. കൂടാതെ പട്ടിണിയും രോഗങ്ങളും മൂലം പതിനായിരക്കണക്കിന് ആളുകൾക്ക് ജീവൻ നഷ്ടമായിട്ടുമുണ്ട്.



