ചിറയിൻകീഴിലെ കോൺഗ്രസ് ഗ്രൂപ്പ് തർക്കത്തിലും കയ്യാങ്കളിയിലും അന്വേഷണം നടത്തുന്ന കെ.പി.സി.സി സമിതിയെ രമ്യ ഹരിദാസ് എം.എൽ.എ തെറ്റിദ്ധരിപ്പിച്ചതായി റിപ്പോർട്ട്. ഡൽഹിയിലായതിനാൽ സമിതിക്ക് മുന്നിൽ നേരിട്ട് ഹാജരാകാൻ കഴിയില്ലെന്നാണ് അന്വേഷണസമിതി അധ്യക്ഷൻ എം.എം. ഹസനെ രമ്യ അറിയിച്ചിരുന്നത്. എന്നാൽ ഡൽഹിയിൽ പോകാതിരുന്ന എം.എ.എ, പാലക്കാട് നടന്ന വിവാഹച്ചടങ്ങിൽ പങ്കെടുക്കുകയും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. അതേസമയം, വിഷയവുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ നിന്ന് കെ.പി.സി.സി പ്രസിഡന്റ് ഒഴിഞ്ഞുമാറുകയും മറുപടി എം.എം. ഹസനോട് ചോദിക്കാൻ നിർദേശിക്കുകയുമായിരുന്നു. രമ്യ ഹരിദാസിനെതിരെ കടുത്ത നടപടികൾ ഒഴിവാക്കി താക്കീതിൽ ഒതുക്കാനാണ് പാർട്ടി തലത്തിലെ നീക്കമെന്നാണ് സൂചന.
ഇതിനിടെ, ജില്ലാ കമ്മിറ്റി അംഗം സജിത്ത് മുട്ടപ്പലത്തിനെതിരെ നടപടിയുണ്ടായാൽ ശക്തമായി പ്രതിഷേധിക്കാനാണ് യൂത്ത് കോൺഗ്രസ് തീരുമാനം. രമ്യ ഹരിദാസ് എം.എൽ.എയാണ് സജിത്തിനെ ആദ്യം മർദിച്ചതെന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് യൂത്ത് കോൺഗ്രസ് സജിത്തിന് പരസ്യ പിന്തുണയുമായി രംഗത്തെത്തിയത്. കൂടാതെ, സജാദ് ക്ഷണിച്ചിട്ടാണ് രമ്യ വീട്ടിലെത്തിയതെന്ന വാദവും പൊളിഞ്ഞു. എം.എ.എ സജാദിന്റെ വീട്ടുകാരെ കാണാൻ എത്തുന്നുവെന്ന് പറഞ്ഞ് രമ്യയുടെ പി.എ പ്രദീപ് സജാദിനെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നുവെന്ന സംശയവും ബലപ്പെട്ടിട്ടുണ്ട്. സംഘർഷത്തിന് ശേഷം രമ്യാ ഹരിദാസും മറ്റ് രണ്ടുപേരും ഓടിയിറങ്ങുന്നതും, വാഹനം റോഡിലിട്ട ശേഷം രമ്യ ഇടവഴിയിലൂടെ വീട്ടിലേക്ക് കയറുന്നതുമായ ദൃശ്യങ്ങളും ഇതിനകം പുറത്തുവന്നിട്ടുണ്ട്.



