സംസ്ഥാനത്ത് 62 ലക്ഷം പാവപ്പെട്ട മനുഷ്യരുടെ ഏക ആശ്രയമായ ക്ഷേമപെൻഷൻ അട്ടിമറിക്കാനാണ് യു.ഡി.എഫ് സർക്കാർ ബോധപൂർവം ശ്രമിക്കുന്നതെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആരോപിച്ചു. തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസും യു.ഡി.എഫും ആരംഭകാലം മുതൽക്കേ ക്ഷേമപെൻഷൻ നൽകുന്നതിന് എതിരായിരുന്നുവെന്നും, 1980-ൽ പെൻഷൻ പദ്ധതിക്ക് തുടക്കമിട്ടപ്പോൾ അത് ഉൽപ്പാദനപരമല്ലെന്ന നിലപാടാണ് കെ. കരുണാകരൻ സ്വീകരിച്ചതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. പെൻഷൻ നടപ്പിലാക്കിയതും തുക വർദ്ധിപ്പിച്ച് കൃത്യമായി വിതരണം ചെയ്തതും എക്കാലത്തും എൽ.ഡി.എഫ് സർക്കാരുകളാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, സർക്കാരിന്റെ പുതിയ തീരുമാനം ഉടൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു. സി.പി.ഐ.എമ്മിന്റെ കൊടിപിടിച്ച് മാത്രമല്ല, 62 ലക്ഷത്തോളം വരുന്ന ഗുണഭോക്താക്കളെ മുഴുവൻ അണിനിരത്തിയാകും പ്രക്ഷോഭം സംഘടിപ്പിക്കുകയെന്നും പെൻഷൻ ഉത്തരവ് പിൻവലിക്കുന്നത് വരെ സമരം തുടരുമെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി.
അതോടൊപ്പം വിഴിഞ്ഞത്ത് കടലിൽ കാണാതായ മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾ വലിയ പ്രതിഷേധത്തിലാണെന്നും അതിൽ ഒരു പെൺകുട്ടിയുടെ പ്രതികരണം ഏറെ ഗൗരവതരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഫിഷറീസ് മന്ത്രി എവിടെയാണെന്ന് പോലും അറിയാത്ത അവസ്ഥയാണെന്നും ദുരിതബാധിതരോട് സംസാരിക്കാൻ പോലും സർക്കാർ തയ്യാറാകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കടലിൽ പോയാൽ മൃതദേഹം കിട്ടാൻ സമയമെടുക്കുമെന്ന ആരോഗ്യമന്ത്രിയുടെ പ്രസ്താവന തികച്ചും ലാഘവത്തോടെയുള്ളതാണെന്ന് വിമർശിച്ച അദ്ദേഹം, രക്ഷാപ്രവർത്തകൻ രാജേഷിനെ കണ്ടെത്താൻ ഫലപ്രദമായ തിരച്ചിൽ നടന്നിട്ടില്ലെന്നും അദ്ദേഹത്തിന്റെ മൃതദേഹം തിരിച്ചെത്തിച്ചത് അപമാനകരമായ രീതിയിലാണെന്നും കൂട്ടിച്ചേർത്തു. സംഭവത്തിൽ റവന്യൂ വകുപ്പ് തികച്ചും നിരുത്തരവാദപരമായ നിലപാടാണ് സ്വീകരിച്ചതെന്നും എം.വി. ഗോവിന്ദൻ ആരോപിച്ചു.



