India Mirror News

‘കളിക്കുന്നത് വൃത്തികെട്ട രാഷ്ട്രീയം’; ജനീഷ് കുമാറിന്റെ ആരോപണങ്ങൾക്ക് ചിത്രങ്ങളുമായി പി.സി. വിഷ്ണുനാഥൻ

‘കളിക്കുന്നത് വൃത്തികെട്ട രാഷ്ട്രീയം’; ജനീഷ് കുമാറിന്റെ ആരോപണങ്ങൾക്ക് ചിത്രങ്ങളുമായി പി.സി. വിഷ്ണുനാഥൻ

മഴക്കെടുതിക്കിടെ കോന്നി മണ്ഡലത്തെ അവഗണിച്ചെന്ന എൽ.ഡി.എഫ് എം.എൽ.എ കെ.യു. ജനീഷ് കുമാറിന്റെ ആരോപണങ്ങൾക്ക് ചിത്രങ്ങൾ സഹിതം ശക്തമായ മറുപടിയുമായി മന്ത്രി പി.സി. വിഷ്ണുനാഥ് രംഗത്തെത്തി. എം.എൽ.എയ്‌ക്കൊപ്പം കോന്നിയിലെ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ചതിന്റെ ചിത്രങ്ങൾ പുറത്തുവിട്ടാണ് മന്ത്രി തിരിച്ചടിച്ചത്. താൻ അങ്ങോട്ട് ഫോണിൽ വിളിച്ചാണ് ക്യാമ്പുകൾ സന്ദർശിക്കാനുള്ള സന്നദ്ധത അറിയിച്ചതെന്നും ഇത്തരം ദുരന്ത സമയത്ത് കെ.യു. ജനീഷ് കുമാർ വൃത്തികെട്ട രാഷ്ട്രീയമാണ് കളിക്കുന്നതെന്നും മന്ത്രി തുറന്നടിച്ചു. താൻ ഉറങ്ങിപ്പോയെന്ന രീതിയിലുള്ള അധിക്ഷേപങ്ങൾ ഉന്നയിക്കുമ്പോൾ കുറച്ചെങ്കിലും മനുഷ്യത്വം കാണിക്കണമെന്നും മനസാക്ഷിയുള്ള ആരും ഇങ്ങനെ പറയില്ലെന്നും ചൂണ്ടിക്കാണിച്ച അദ്ദേഹം, റാന്നി, കോന്നി, തിരുവല്ല, ആറന്മുള തുടങ്ങിയ പ്രദേശങ്ങളിലെല്ലാം യോഗങ്ങൾ ചേരുകയും പ്രളയബാധിത പ്രദേശങ്ങളും ക്യാമ്പുകളും സന്ദർശിക്കുകയും ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കി.

ദുരന്തത്തിന്റെ രണ്ടാം ദിവസം മുതൽ തന്നെ രാഷ്ട്രീയ ആരോപണങ്ങളും അധിക്ഷേപങ്ങളുമായി രംഗത്തിറങ്ങുന്നത് മുൻപെയങ്ങുമില്ലാത്ത പുതിയ പ്രവണതയാണെന്ന് മന്ത്രി കുറ്റപ്പെടുത്തി. മുൻ സർക്കാരിനെ രൂക്ഷമായി വിമർശിച്ച പി.സി. വിഷ്ണുനാഥ്, സംസ്ഥാന ഖജനാവിലെ പണം ചെലവഴിച്ച് നെതർലൻഡ്സിൽ പോയി ‘റൂം ഫോർ ദി റിവർ’ പദ്ധതി പഠിച്ച് കേരളത്തിൽ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചവർ അതിപ്പോൾ എവിടെയെത്തിയെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടു. ദുരന്ത മുന്നൊരുക്ക സംവിധാനങ്ങൾ മെച്ചപ്പെടുത്താൻ ആധുനികമായ കാര്യങ്ങൾ ചെയ്യുമെന്ന് പറഞ്ഞവർ ഒന്നും ചെയ്യാതിരുന്നതിന്റെ ദുരന്തഫലമാണ് ഇന്നും ജനങ്ങൾ അനുഭവിക്കേണ്ടി വരുന്നതെന്നും അദ്ദേഹം ആരോപിച്ചു.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *