വരുന്ന രഞ്ജി ട്രോഫി സീസണിലെ ആദ്യ പോരാട്ടത്തിനായുള്ള കേരള ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. വിക്കറ്റ് കീപ്പർ ബാറ്റർ വിഷ്ണു വിനോദാണ് ഇത്തവണ ടീമിനെ നയിക്കുന്നത്. ഈ മാസം 11 മുതൽ 14 വരെ ജംഷെഡ്പൂരിൽ വെച്ച് നടക്കുന്ന ആദ്യ മത്സരത്തിൽ ജാർഖണ്ഡാണ് കേരളത്തിന്റെ എതിരാളികൾ. പരിചയസമ്പന്നരായ സച്ചിൻ ബേബി, രോഹൻ എസ്. കുന്നുമ്മൽ, മുഹമ്മദ് അസറുദ്ദീൻ, സൽമാൻ നിസാർ എന്നിവർ ബാറ്റിങ് നിരയ്ക്ക് കരുത്തു പകരുമ്പോൾ എം.ഡി. നിധീഷ്, ബേസിൽ എൻ.പി, ഏദൻ ആപ്പിൾ ടോം എന്നിവരാണ് പേസ് ബൗളിങ് വിഭാഗത്തെ നയിക്കുന്നത്. ജലജ് സക്സേന, ആദിത്യ സർവാതെ എന്നിവരാണ് ടീമിലെ അതിഥി താരങ്ങൾ.
സ്വപ്നിൽ അസ്നോദ്കർ പരിശീലകനായി എത്തുന്ന ഇത്തവണത്തെ സീസണിൽ ഗ്രൂപ്പ് ഘട്ടത്തിൽ ശക്തമായ പോരാട്ടമാണ് കേരളത്തെ കാത്തിരിക്കുന്നത്. ജാർഖണ്ഡിന് പുറമെ ഒഡീഷ, ബംഗാൾ, ഗുജറാത്ത്, മഹാരാഷ്ട്ര, ഡൽഹി, സർവീസസ് എന്നിവരടങ്ങുന്ന ഗ്രൂപ്പിലാണ് കേരളം ഉൾപ്പെട്ടിരിക്കുന്നത്. വിഷ്ണു വിനോദ് (ക്യാപ്റ്റൻ), രോഹൻ എസ്. കുന്നുമ്മൽ, അഭിഷേക് ജെ. നായർ, അഭിഷേക് പി. നായർ, സച്ചിൻ ബേബി, അഹമ്മദ് ഇമ്രാൻ, മുഹമ്മദ് അസ്ഹറുദ്ദീൻ, സൽമാൻ നിസാർ, വരുൺ നായനാർ, ജലജ് സക്സേന, വൈശാഖ് ചന്ദ്രൻ, ആദിത്യ ആനന്ദ് സർവാതെ, അനുരാജ് ജെ. എസ്, അഭിജിത് പ്രവീൺ വി, നിധീഷ് എം. ഡി, ഈഡൻ ആപ്പിൾ ടോം, പവൻ രാജ്, ബേസിൽ എൻ. പി. എന്നിവരാണ് 18 അംഗ കേരള ടീമിൽ ഇടംനേടിയത്.



