വന്ദേമാതരം വിവാദത്തിൽ യുഡിഎഫ് സർക്കാരിനും മുഖ്യമന്ത്രി വി.ഡി. സതീശനുമെതിരെ രൂക്ഷവിമർശനവുമായി മുഹമ്മദ് റിയാസ് എം.എൽ.എ രംഗത്തെത്തി. സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം പാടിയതെന്നും അറിഞ്ഞുകൊണ്ട് മുഖ്യമന്ത്രി അഡ്ജസ്റ്റ് ചെയ്തതാണ് ഇതെന്നും അദ്ദേഹം ആരോപിച്ചു. കേരളത്തിൽ ബി.ജെ.പി ഭരിച്ചാൽ എന്താണോ നടക്കുക, അതാണ് യുഡിഎഫ് സർക്കാർ നടപ്പിലാക്കുന്നതെന്നതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് ഈ സംഭവമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ചീഫ് സെക്രട്ടറിയുടെ സർക്കുലർ ഉത്തരവ് വളരെ ഗൗരവമുള്ളതാണെന്നും സർക്കാർ അറിയാതെ അദ്ദേഹത്തിന് അങ്ങനെ ചെയ്യാൻ കഴിയില്ലെന്നും റിയാസ് വ്യക്തമാക്കി. യഥാർത്ഥ ഹിന്ദു-മുസ്ലിം മതവിശ്വാസികൾക്കൊന്നും സർക്കാരിന്റെ ഈ നടപടി അംഗീകരിക്കാൻ കഴിയില്ലെന്ന് പറഞ്ഞ അദ്ദേഹം, മുസ്ലിം ലീഗിന് ഈ വിഷയത്തിൽ യാതൊരു നിലപാടുമില്ലെന്നും പരിഹസിച്ചു.
അതേസമയം, വന്ദേമാതരം വിവാദത്തിൽ വിശദീകരണവുമായി ലോക് ഭവൻ രംഗത്തെത്തിയിട്ടുണ്ട്. സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളിൽ വന്ദേമാതരം മുഴുവനായി പാടാൻ നിർദേശം നൽകിയിട്ടില്ലെന്നാണ് ലോക് ഭവന്റെ വിശദീകരണം. വന്ദേമാതരം പൂർണമായും ചൊല്ലാൻ തീരുമാനിച്ചിട്ടില്ലെന്ന് ആഭ്യന്തരമന്ത്രിയും വ്യവസായ മന്ത്രിയും പ്രതികരിച്ചപ്പോൾ, ലോക് ഭവൻ നിർദേശപ്രകാരമാണ് സർക്കുലർ എന്ന വിചിത്രമായ വിശദീകരണമാണ് വിദ്യാഭ്യാസ മന്ത്രി നൽകിയത്. എന്നാൽ ജില്ലകളിലെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകൾക്കായി പ്രോട്ടോക്കോൾ വിഭാഗം പുറപ്പെടുവിച്ച സർക്കുലറിൽ ദേശീയഗാനത്തെ കുറിച്ച് മാത്രമാണ് പരാമർശമുള്ളത്, വന്ദേമാതരം പാടുന്നതിനെ കുറിച്ച് സൂചനയൊന്നുമില്ല. നേരത്തെ വി.ഡി. സതീശൻ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ലോക് ഭവൻ നിർദേശപ്രകാരം വന്ദേമാതരം മുഴുവൻ പാടിയത് വലിയ വിവാദത്തിന് വഴിവെച്ചിരുന്നു.



