പിഎം ശ്രീ പദ്ധതി നടപ്പിലാക്കുന്നതിൽ മുന്നണിയിൽ ശക്തമായ വിയോജിപ്പ് അറിയിക്കാൻ മുസ്ലിം ലീഗ് തീരുമാനിച്ചു. പദ്ധതിയിൽ നിന്ന് സംസ്ഥാനങ്ങൾക്ക് വേണമെങ്കിൽ പിന്മാറാമെന്ന് പി.വി. അബ്ദുൽ വഹാബ് എം.പിയുടെ ചോദ്യത്തിന് മറുപടിയായി കേന്ദ്രസഹമന്ത്രി ജയന്ത് ചൗധരി രാജ്യസഭയിൽ വ്യക്തമാക്കിയ സാഹചര്യത്തിലാണ് ലീഗ് നിലപാട് കടുപ്പിക്കുന്നത്. പദ്ധതിയുമായി മുന്നോട്ട് പോവുകയാണെങ്കിൽ അണികൾക്കിടയിൽ കടുത്ത അതൃപ്തിക്ക് വഴിവെക്കുമെന്നും തിരിച്ചടിയുണ്ടാകുമെന്നുമാണ് ലീഗിന്റെ വിലയിരുത്തൽ. വരാനിരിക്കുന്ന യുഡിഎഫ് യോഗത്തിൽ പാർട്ടി നിലപാട് ഔദ്യോഗികമായി വ്യക്തമാക്കും. യുഡിഎഫ് അധികാരത്തിൽ വന്നാൽ പിഎം ശ്രീ പദ്ധതി അറബിക്കടലിൽ എറിയുമെന്ന് മുൻപ് ലീഗ് നേതാക്കൾ പ്രഖ്യാപിച്ചിരുന്നെങ്കിലും, ധാരണാപത്രത്തിൽ ഒപ്പുവെച്ച സാഹചര്യത്തിൽ സർക്കാരിന് ഇനി ഇതിൽ നിന്ന് പിന്മാറാനാകില്ലെന്ന വാദമുയർത്തി പദ്ധതിയുമായി മുന്നോട്ടുപോകാനായിരുന്നു മുന്നണിയുടെ മുൻ തീരുമാനം.
എന്നാൽ, കേന്ദ്രത്തിന്റെ പുതിയ വെളിപ്പെടുത്തലോടെ കാര്യങ്ങൾ മാറിമറിഞ്ഞിരിക്കുകയാണ്. എങ്കിലും, പദ്ധതിയുമായി മുൻപോട്ട് പോകുമെന്ന തീരുമാനത്തിൽ സംസ്ഥാന സർക്കാർ ഉറച്ചുനിൽക്കുകയാണ്. ഇരുന്നൂറോളം സ്കൂളുകളെ പദ്ധതിക്കായി തിരഞ്ഞെടുക്കാനാണ് ആലോചിക്കുന്നത്. വിഷയം കൂടുതൽ വഷളാക്കാതിരിക്കാൻ പരസ്യ പ്രതികരണങ്ങളിൽ നിന്ന് മാറിനിൽക്കുന്ന യുഡിഎഫ്, സിലബസിൽ കേന്ദ്രത്തിന്റെ അനാവശ്യ ഇടപെടലുണ്ടായാൽ അതിനെ നിയമപരമായി നേരിടാമെന്ന നിലപാടിലാണ്. ധാരണാപത്രം ഒപ്പുവെച്ചെങ്കിലും സ്കൂളുകളുടെ പട്ടിക സംസ്ഥാന സർക്കാർ ഇതുവരെ കൈമാറിയിട്ടില്ലെന്നും പദ്ധതിയിൽ നിന്ന് പിന്മാറുന്ന സംസ്ഥാനങ്ങൾക്ക് അതിന്റെ ആനുകൂല്യങ്ങൾ നഷ്ടപ്പെടുമെന്നുമാണ് കേന്ദ്രം സഭയെ അറിയിച്ചിട്ടുള്ളത്.



