തെഹ്റാൻ: കടുത്ത യുദ്ധഭീതിയിലായിരുന്ന പശ്ചിമേഷ്യയ്ക്ക് താത്ക്കാലിക ആശ്വാസമേകി അമേരിക്കയും ഇറാനും സമാധാന ചര്‍ച്ചയ്ക്ക് തയ്യാറാകുന്നതായി റിപ്പോർട്ടുകൾ. നാളെ ഖത്തറിന്റെ മധ്യസ്ഥതയില്‍ ഇരുരാജ്യങ്ങളും തമ്മിൽ നിർണ്ണായക ചർച്ച നടക്കുമെന്ന് യുഎസ് അധികൃതര്‍ അറിയിച്ചു. ഹോര്‍മൂസ് കടലിടുക്കിലെ നിലവിലെ പ്രതിസന്ധികള്‍ക്ക് ചര്‍ച്ചയിലൂടെ പരിഹാരമുണ്ടാകുമെന്നാണ് യുഎസ് വ്യക്തമാക്കുന്നത്. എന്നാൽ ഖത്തറിൽ നടക്കുന്ന ഈ ചർച്ചയെക്കുറിച്ച് ഇറാന്റെ ഭാഗത്ത് നിന്ന് ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ഇതുവരെ വന്നിട്ടില്ല. മാത്രമല്ല, നാളത്തെ ചർച്ചയ്ക്ക് മുന്നോടിയായി കടുത്ത നിലപാടുമായി ഇറാന് വിദേശകാര്യ മന്ത്രാലയം രംഗത്തെത്തുകയും ചെയ്തു. ഹോര്‍മൂസ് കടലിടുക്കിന്റെ പൂർണ്ണ നിയന്ത്രണം ഇറാന് മാത്രമാണെന്നും ഇതിൽ മറ്റ് കക്ഷികളാരും ഇടപെടരുതെന്നും വ്യക്തമാക്കിയ ഇറാന് വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി, ഈ മുന്നറിയിപ്പ് ലംഘിച്ചാല്‍ ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും ഓർമ്മിപ്പിച്ചു.ഹോര്‍മുസ് കടലിടുക്കിന് ചുറ്റും അമേരിക്കയും ഇറാനും തമ്മില്‍ നടത്തിയ കടുത്ത സൈനിക ആക്രമണങ്ങള്‍ക്ക് പിന്നാലെയാണ് ഖത്തറിന്റെ മധ്യസ്ഥതയിൽ ചര്‍ച്ചയ്ക്ക് വഴിയൊരുങ്ങിയത്. ഇരുരാജ്യങ്ങളും നേരത്തെ സമാധാന കരാറിൽ ഒപ്പിട്ടിരുന്നെങ്കിലും ഹോർമൂസിലെ പ്രകോപനപരമായ നീക്കങ്ങൾ കരാർ ലംഘനത്തിലേക്കും തുടർച്ചയായുള്ള ആയുധപോരാട്ടങ്ങളിലേക്കും വീണ്ടും നയിക്കുകയായിരുന്നു. ഹോര്‍മുസ് കടലിടുക്കില്‍ ചരക്കുകപ്പലിന് നേരെ ഇറാന് നടത്തിയ ആക്രമണത്തിന് പിന്നാലെ, ഇറാൻ വെടിനിർത്തൽ കരാർ ലംഘിച്ചെന്ന് ആരോപിച്ച് ശക്തമായ തിരിച്ചടിയുമായി അമേരിക്ക രംഗത്തെത്തിയിരുന്നു. ഇറാന്റെ മിസൈൽ ഡ്രോൺ സംഭരണ കേന്ദ്രങ്ങൾക്കും തീരദേശ റഡാർ സംവിധാനങ്ങൾക്കും നേരെ യുഎസ് വ്യോമാക്രമണം നടത്തുകയുണ്ടായി. സമാധാന കരാർ നിബന്ധനകൾ ലംഘിച്ച് ആദ്യം ആക്രമണം നടത്തിയത് അമേരിക്കയാണെന്ന് ഇറാനും കുറ്റപ്പെടുത്തിയിരുന്നു. കടലിടുക്കിലൂടെയുള്ള വാണിജ്യ കപ്പലുകളുടെ സഞ്ചാരം ഇറാന് തടസ്സപ്പെടുത്തിയാൽ സൈനിക ആക്രമണങ്ങള്‍ ശക്തമായി പുനരാരംഭിക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിലാണ് ഇപ്പോൾ ഖത്തർ സമാധാന ചർച്ചയ്ക്കുള്ള വേദിയാകുന്നത്.
Tags:
You can share this post!
administrator



