കൊച്ചി: തനിക്കെതിരെ വിദ്വേഷപരാമർശം നടത്തിയെന്ന് ആരോപിച്ച് നടൻ ടിനി ടോമിനെതിരെ നടി അൻസിബ ഹസൻ സമർപ്പിച്ച ഹർജിയിൽ എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്ന് വിധി പറഞ്ഞേക്കും. ടിനി ടോമിനെതിരെ കേസെടുക്കാൻ പൊലീസിന് നിർദേശം നൽകണം എന്ന ആവശ്യവുമായാണ് അൻസിബ കോടതിയെ സമീപിച്ചത്. നേരത്തെ ഈ വിഷയത്തിൽ നടി കടവന്ത്ര പൊലീസിൽ പരാതി നൽകിയിരുന്നെങ്കിലും വ്യക്തമായ തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി കേസെടുക്കാൻ പൊലീസ് തയ്യാറായിരുന്നില്ല. മറ്റൊരാൾ പറഞ്ഞു കേട്ട കാര്യങ്ങളുടെ മാത്രം അടിസ്ഥാനത്തിലാണ് പരാതി നൽകിയിരിക്കുന്നതെന്നും അതിനാൽ നിലവിലെ സാഹചര്യത്തിൽ കേസെടുക്കാൻ കഴിയില്ലെന്നുമാണ് പൊലീസ് സെൻട്രൽ എസിപിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നത്. ഈ റിപ്പോർട്ട് മറികടന്ന് കോടതിയിൽ നിന്ന് അനുകൂല ഉത്തരവ് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് അൻസിബ.
മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യിൽ സമീപകാലത്തുണ്ടായ ആഭ്യന്തര പ്രതിസന്ധികളുടെയും തർക്കങ്ങളുടെയും തുടക്കം തന്നെ ടിനി ടോമും അൻസിബയും തമ്മിലുള്ള വാദപ്രതിവാദങ്ങളായിരുന്നു. ടിനി ടോം തനിക്കെതിരെ മതപരമായ അധിക്ഷേപം നടത്തിയെന്നാണ് അൻസിബയുടെ പ്രധാന ആരോപണം. ടിനി ടോം തന്നെ ‘ജിഹാദി’ എന്ന് വിളിച്ചതായും ഒരു പ്രത്യേക മതത്തിന്റെ ആളായി മാത്രം ചിത്രീകരിച്ചതായും നടി നീനാ കുറുപ്പ് തന്നോട് പറഞ്ഞിരുന്നു എന്നാണ് അൻസിബ തന്റെ പരാതിയിൽ ആധാരമാക്കിയിരിക്കുന്നത്. സിനിമാ രംഗത്ത് വലിയ ചർച്ചയായി മാറിയ ഈ വിവാദത്തിൽ കോടതി ഇന്ന് എന്ത് നിലപാട് സ്വീകരിക്കും എന്നതിലേക്ക് ഉറ്റുനോക്കുകയാണ് സിനിമാ ലോകവും പൊതുസമൂഹവും.



