തമിഴ്‌നാട്ടിൽ പരമ്പരാഗത ദ്രാവിഡ പാർട്ടികളെ തറപറ്റിച്ച് അധികാരത്തിലെത്തിയ സി. ജോസഫ് വിജയ് സർക്കാർ ഇന്ന് നൂറാം ദിനത്തിലേക്ക് കടക്കുകയാണ്. 717 ടാസ്മാക് കടകൾ പൂട്ടിപ്പൂട്ടിയത്, സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കായി ‘സിങ്കപ്പെൺ സേന’, ലഹരിമുക്ത തമിഴ്‌നാടിനായുള്ള പ്രത്യേക സേന, സർക്കാർ ആശുപത്രിയിൽ ജനിക്കുന്ന കുട്ടികൾക്ക് സ്വർണമോതിരവും ബേബി കിറ്റും, യുവതികളുടെ വിവാഹത്തിന് ഒരു പവൻ സ്വർണവും പട്ടുസാരിയും നൽകുന്ന പദ്ധതി, കാർഷിക കടങ്ങൾ എഴുതിത്തള്ളൽ, 200 യൂണിറ്റ് സൗജന്യ വൈദ്യുതി, കൂടാതെ 104 ധാരണാപത്രങ്ങളിലായി ഒരു ലക്ഷം കോടിയിലധികം രൂപയുടെ നിക്ഷേപം തുടങ്ങി നിരവധി ജനക്ഷേമ പദ്ധതികളാണ് നൂറു ദിനത്തിനുള്ളിൽ ടി.വി.കെ സർക്കാർ നടപ്പിലാക്കിയത്. അഴിമതിരഹിത ഭരണമെന്ന കൃത്യമായ സന്ദേശം ജനങ്ങൾക്ക് നൽകാൻ മുഖ്യമന്ത്രി സി. ജോസഫ് വിജയ്ക്ക് സാധിക്കുന്നുണ്ടെന്ന് ചരിത്രകാരനും രാഷ്ട്രീയ നിരീക്ഷകനുമായ ഡോ. രാജേന്ദ്രപ്രസാദ് ചൂണ്ടിക്കാട്ടുന്നു.
എന്നാൽ, ഡി.എം.കെ സർക്കാരിന്റെ പദ്ധതികളുടെ പേര് മാറ്റുക മാത്രമാണ് ടി.വി.കെ ചെയ്തതെന്ന രൂക്ഷവിമർശനമാണ് പ്രതിപക്ഷം ഉയർത്തുന്നത്. സ്ത്രീകൾക്കുള്ള പ്രതിമാസ ധനസഹായം 2500 രൂപയായി ഉയർത്തിയില്ലെന്നും എല്ലാ ബസുകളിലും സൗജന്യ യാത്ര നടപ്പാക്കിയില്ലെന്നും കാട്ടി തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പാലിച്ചില്ലെന്ന് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ ആരോപിക്കുന്നു. ഉദയനിധിയുടെ അറസ്റ്റുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിവാദങ്ങൾ പ്രതിപക്ഷം ഇപ്പോഴും ആയുധമാക്കുന്നുണ്ടെങ്കിലും, ഇതൊന്നും ഗൗനിക്കാതെ വരും മാസങ്ങളിൽ കൂടുതൽ ജനകീയ പ്രഖ്യാപനങ്ങളിലൂടെയും അഴിമതി വിരുദ്ധ നടപടികളിലൂടെയും മുന്നോട്ടുപോകാനാണ് മുഖ്യമന്ത്രി വിജയിയുടെയും സർക്കാരിന്റെയും തീരുമാനം.



