കേരളത്തിലെ പ്രമുഖ മൾട്ടിപ്ലക്സ് ശൃംഖലയായ മാജിക് ഫ്രെയിംസ് സിനിമാസ് തങ്ങളുടെ നാഴികക്കല്ലായ 50-ാമത് സ്ക്രീൻ കൊച്ചിയിലെ കാക്കനാട് പ്രവർത്തനസജ്ജമാക്കുന്നു. ചലച്ചിത്ര പ്രേമികൾക്ക് മുൻപെങ്ങുമില്ലാത്തവിധം അത്യാധുനിക ദൃശ്യാനുഭവം സമ്മാനിക്കുന്നതിനായി ഇന്ത്യയിലെ തന്നെ ആദ്യത്തെ ട്രാൻസ്പരന്റ് എൽ.ഇ.ഡി (Transparent LED) സ്ക്രീനാണ് ഈ പുതിയ തിയേറ്ററിൽ സ്ഥാപിച്ചിരിക്കുന്നത്. വൈകുന്നേരം 5:30-ന് നടക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ കാക്കനാടുള്ള ഈ പുതിയ തിയേറ്ററിന്റെ ഉദ്ഘാടനം നിർവ്വഹിക്കപ്പെടും.
2011-ൽ ‘ട്രാഫിക്’ എന്ന ചിത്രത്തിലൂടെ പ്രവർത്തനമാരംഭിച്ച മാജിക് ഫ്രെയിംസ്, മലയാള സിനിമയിൽ പുതിയ ചിന്തകൾക്കും സാധ്യതകൾക്കും വാതിൽ തുറന്ന നിർമ്മാണക്കമ്പനിയാണ്. തുടർന്ന് ‘ഉസ്താദ് ഹോട്ടൽ’, ‘ഹൗ ഓൾഡ് ആർ യു’, ‘ഡ്രൈവിംഗ് ലൈസൻസ്’, ‘ജനഗണമന’, ‘കടുവ’, ‘കൂമൻ’, ‘എ.ആർ.എം.’ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ ഈ പ്രസ്ഥാനം തങ്ങളുടെ സാന്നിധ്യം ഉറപ്പിച്ചു. സിനിമ നിർമ്മാണത്തിന് പുറമെ പ്രമുഖ ചിത്രങ്ങളുടെ കേരളത്തിലെ വിതരണത്തിലും സജീവമായ മാജിക് ഫ്രെയിംസ്, തങ്ങളുടെ 50-ാമത് സ്ക്രീൻ ആരംഭിക്കുന്നതിലൂടെ ചലച്ചിത്ര പ്രദർശന രംഗത്ത് മറ്റൊരു പുതിയ അധ്യായം കൂടി കുറിക്കുകയാണ്.



