ആന്ധ്രാപ്രദേശിൽ നിന്ന് തമിഴ്‌നാട്ടിലേക്ക് കൃഷ്ണ നദിയിൽ നിന്ന് കൂടുതൽ ജലം ലഭ്യമാക്കാൻ ഉന്നതതല ധാരണ. വിജയവാഡയിൽ വെച്ച് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവുമായി തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് നടത്തിയ ചർച്ചയിലാണ് നിർണ്ണായക തീരുമാനമുണ്ടായത്. മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള വിജയ്യുടെ ആദ്യ അയൽ സംസ്ഥാന സന്ദർശനമാണിത്. തെലുങ്ക് ഗംഗ പദ്ധതി പ്രകാരം ചെന്നൈ നഗരത്തിലേക്ക് കൂടുതൽ കുടിവെള്ളം വിട്ടുനൽകണമെന്ന് വിജയ് യോഗത്തിൽ ആവശ്യപ്പെട്ടു. പ്രതിവർഷം അനുവദിച്ചിട്ടുള്ള 12 ടി.എം.സി വെള്ളത്തിൽ ഇതുവരെ 2.251 ടി.എം.സി മാത്രമാണ് തമിഴ്‌നാടിന് ലഭിച്ചതെന്നും, ഇത് ചെന്നൈയിലെ ജലസംഭരണികളിൽ ജലനിരപ്പ് 34 ശതമാനമായി കുറയാൻ കാരണമായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ മാസം തന്നെ രണ്ട് ടി.എം.സി വെള്ളം ലഭ്യമാക്കണമെന്നാണ് പ്രധാന ആവശ്യം.
എൽ നിനോ പ്രതിഭാസത്തെ തുടർന്ന് കൃഷ്ണ നദിയിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതും കടുത്ത ജലക്ഷാമം നേരിടുന്നതുമായ സാഹചര്യങ്ങൾ ചന്ദ്രബാബു നായിഡു വിശദീകരിച്ചെങ്കിലും, ചെന്നൈയുടെ കുടിവെള്ള ആവശ്യങ്ങൾ നിറവേറ്റാൻ ആന്ധ്ര സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ജൂലൈ മുതൽ ഒക്ടോബർ വരെയുള്ള മാസങ്ങളിൽ എട്ട് ടി.എം.സിയും ജനുവരി മുതൽ ഏപ്രിൽ വരെയുള്ള മാസങ്ങളിൽ നാല് ടി.എം.സിയും വെള്ളം കൈമാറണമെന്നാണ് നിലവിലെ ധാരണം. കൂടാതെ ഗോദാവരി – കൃഷ്ണ – കാവേരി നദികളുടെ സംയോജന പദ്ധതി കേന്ദ്ര സർക്കാർ ഏറ്റെടുത്ത് നടപ്പിലാക്കണമെന്നും ചർച്ചയിൽ ആവശ്യപ്പെട്ടു. തമിഴ്‌നാട് മന്ത്രിമാരായ ആധവ് അർജുന, എൻ. ആനന്ദ്, മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് വിഷ്ണു റെഡ്ഡി, ആന്ധ്ര ഐ.ടി മന്ത്രി നരാ ലോകേഷ് തുടങ്ങിയവരും ചർച്ചയിൽ പങ്കെടുത്തിരുന്നു. ചർച്ചയ്ക്ക് മുന്നോടിയായി കനകദുർഗ അമ്മൻ ക്ഷേത്രത്തിൽ വിജയ് ദർശനം നടത്തിയിരുന്നു.



