India Mirror News

തമിഴ്‌നാട് സർക്കാർ രൂപീകരണം: അനിശ്ചിതത്വം തുടരുന്നു

തമിഴ്‌നാട് സർക്കാർ രൂപീകരണം: അനിശ്ചിതത്വം തുടരുന്നു

തമിഴ്‌നാട് നിയമസഭയിൽ കേവലഭൂരിപക്ഷം തെളിയിച്ച് സർക്കാർ രൂപീകരിക്കുന്നതിലെ അനിശ്ചിതത്വങ്ങൾക്ക് ഇന്ന് പരിസമാപ്തിയായേക്കുമെന്ന് സൂചനകൾ. വിജയിന്റെ തമിഴക വെട്രി കഴകത്തിന് (ടിവികെ) രണ്ട് എംഎൽഎമാരുള്ള വിസികെ ഇന്ന് തങ്ങളുടെ പിന്തുണ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് കരുതപ്പെടുന്നത്. ഇന്നലെ രാത്രി വിജയ് ഗവർണറെ കണ്ട് 116 എംഎൽഎമാരുടെ പിന്തുണ അറിയിച്ചുള്ള കത്ത് കൈമാറിയെങ്കിലും, സർക്കാർ രൂപീകരിക്കാൻ അദ്ദേഹത്തെ ക്ഷണിക്കാൻ രാജ്ഭവൻ ഇതുവരെ തയ്യാറായിട്ടില്ല. കോൺഗ്രസ്, സിപിഐഎം, സിപിഐ എന്നീ പാർട്ടികൾ ടിവികെയ്ക്ക് പിന്തുണ നൽകുമെന്ന് അറിയിച്ചിരുന്നെങ്കിലും, നിലവിൽ സിപിഐഎമ്മിന്റെയും സിപിഐയുടെയും കത്തുകൾ മാത്രമാണ് ഗവർണർക്ക് സമർപ്പിച്ചിട്ടുള്ളത്. ഇതാണ് ഭൂരിപക്ഷം തെളിയിക്കുന്നതിൽ നിലവിൽ സാങ്കേതിക തടസ്സമായി നിൽക്കുന്നത്.

പിന്തുണ പ്രഖ്യാപിച്ച പാർട്ടികളുടെ ഓഫീസുകളിലെത്തി വിജയ് നന്ദി അറിയിച്ചെങ്കിലും പല പാർട്ടികളുടെയും നിലപാടുകളിൽ ഇപ്പോഴും അവ്യക്തത നിലനിൽക്കുന്നുണ്ട്. മുസ്ലിം ലീഗ് ടിവികെയെ പിന്തുണയ്ക്കുമെന്ന് ആദ്യം വാർത്തകൾ വന്നെങ്കിലും, സർക്കാർ രൂപീകരണത്തിന് ശേഷമുള്ള പിന്തുണയാണ് തങ്ങൾ ഉദ്ദേശിച്ചതെന്ന് പാർട്ടി നേതൃത്വം പിന്നീട് വ്യക്തമാക്കുകയായിരുന്നു. അതേസമയം, വിസികെയുടെ കാര്യത്തിൽ ഇന്ന് പാർട്ടി അധ്യക്ഷൻ തിരുമാവലവൻ അന്തിമ തീരുമാനം അറിയിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. വിസികെ കൂടി പിന്തുണ നൽകുന്നതോടെ ഭൂരിപക്ഷ കണക്കുകളിൽ വ്യക്തത വരുമെന്നും സത്യപ്രതിജ്ഞ സംബന്ധിച്ച ഔദ്യോഗിക തീരുമാനമുണ്ടാകുമെന്നുമാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ വിലയിരുത്തുന്നത്. ഗവർണറുടെ തീരുമാനം തമിഴ്നാട് രാഷ്ട്രീയത്തിൽ നിർണ്ണായകമായി തുടരുകയാണ്.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *