India Mirror News

സിപിഐഎം പോളിറ്റ് ബ്യൂറോ നാളെ; പിണറായി വിജയൻ പ്രതിപക്ഷ നേതാവാകുമോ?

സിപിഐഎം പോളിറ്റ് ബ്യൂറോ നാളെ; പിണറായി വിജയൻ പ്രതിപക്ഷ നേതാവാകുമോ?

നിയമസഭാ തിരഞ്ഞെടുപ്പിലെ അപ്രതീക്ഷിത തിരിച്ചടിക്ക് പിന്നാലെ തോൽവി അവലോകനം ചെയ്യാനായി സിപിഐഎം കേന്ദ്ര നേതൃത്വത്തിന്റെ നിർണ്ണായക യോഗങ്ങൾ നാളെ മുതൽ ഡൽഹിയിൽ ആരംഭിക്കും. ഇതിൽ പങ്കെടുക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് രാത്രി തന്നെ ഡൽഹിയിലെത്തും. കേരള ഹൗസിലെ 204-ാം നമ്പർ മുറി അദ്ദേഹത്തിനായി ഒരുക്കിയെങ്കിലും, പാർട്ടി ഗസ്റ്റ് ഹൗസിൽ താമസിക്കുന്ന കാര്യവും പരിഗണനയിലുണ്ട്. കൊച്ചിൻ പാലസിൽ മുറി വേണ്ടെന്ന് അദ്ദേഹം നേരത്തെ തന്നെ അധികൃതരെ അറിയിച്ചിട്ടുണ്ട്.

തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ആഴം പരിശോധിക്കാൻ തുടർച്ചയായ അഞ്ച് ദിവസമാണ് സിപിഐഎം നേതൃയോഗങ്ങൾ ചേരുന്നത്. നാളെയും മറ്റന്നാളും പോളിറ്റ് ബ്യൂറോ യോഗം നടക്കും. ഇതിന് പിന്നാലെ 12-ന് സംസ്ഥാന സെക്രട്ടറിയേറ്റും 13, 14 തീയതികളിൽ സംസ്ഥാന കമ്മിറ്റിയും ചേരും. സംസ്ഥാനത്തെ കനത്ത പരാജയത്തിന് പുറമെ പശ്ചിമ ബംഗാൾ ഉൾപ്പെടെയുള്ള ഇടങ്ങളിലെ പാർട്ടി പ്രകടനവും പ്രാഥമികമായി വിലയിരുത്തും. വരും ദിവസങ്ങളിൽ ബ്രാഞ്ച് തലം മുതൽ പ്രവർത്തകരുടെ അഭിപ്രായങ്ങൾ തേടാനും പാർട്ടി തീരുമാനിച്ചിട്ടുണ്ട്.

പിണറായി വിജയൻ നിയമസഭയിൽ പ്രതിപക്ഷ നേതാവാകണമോ എന്ന കാര്യത്തിൽ ഈ പോളിറ്റ് ബ്യൂറോ യോഗത്തിൽ നിർണ്ണായക തീരുമാനമുണ്ടാകാൻ സാധ്യതയുണ്ട്. ഭരണത്തുടർച്ച നഷ്ടപ്പെട്ട സാഹചര്യത്തിൽ പാർട്ടിയിൽ എന്ത് തരത്തിലുള്ള തിരുത്തലുകൾ വേണമെന്ന ചർച്ചകൾക്കും പിബി യോഗം തുടക്കം കുറിക്കും. മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കത്തിൽ കോൺഗ്രസ് ഗ്രൂപ്പുകൾ പരസ്പരം ഫ്ലക്സുകൾ നശിപ്പിക്കുന്ന വാർത്തകൾക്കിടയിലാണ് സിപിഐഎം പരാജയ കാരണങ്ങൾ തേടി കേന്ദ്ര നേതൃതലത്തിൽ ചർച്ചകൾ തുടങ്ങുന്നത്.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *