India Mirror News

സ്കൂളുകളിൽ രാഷ്ട്രീയ പ്രവർത്തകർക്ക് വിലക്ക്; തമിഴ്നാട് സർക്കാരിന്റെ കർശന സർക്കുലർ

സ്കൂളുകളിൽ രാഷ്ട്രീയ പ്രവർത്തകർക്ക് വിലക്ക്; തമിഴ്നാട് സർക്കാരിന്റെ കർശന സർക്കുലർ

രാഷ്ട്രീയ പ്രവർത്തകർ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് പ്രവേശിക്കുന്നത് കർശനമായി വിലക്കിക്കൊണ്ട് തമിഴ്നാട് സർക്കാർ പുതിയ ഉത്തരവ് പുറത്തിറക്കി. സ്കൂളുകൾ കേവലം പഠനത്തിന് വേണ്ടിയുള്ളതാണെന്നും രാഷ്ട്രീയ പ്രവർത്തനങ്ങൾക്കുള്ള വേദിയല്ലെന്നും സ്കൂൾ വിദ്യാഭ്യാസ വകുപ്പ് മന്ത്രി എ. രാജ്മോഹൻ പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്കി. ഔദ്യോഗിക സർക്കാർ പരിപാടികളിൽ പങ്കെടുക്കുന്ന ജനപ്രതിനിധികൾക്ക് മാത്രമേ ഇനി മുതൽ സ്കൂളുകളിലേക്കും ക്ലാസ്മുറികളിലേക്കും പ്രവേശനം അനുവദിക്കുകയുള്ളൂ എന്നും രാഷ്ട്രീയ പാർട്ടി പ്രവർത്തകർക്ക് സ്കൂൾ പരിസരത്തേക്ക് പ്രവേശനമുണ്ടായിരിക്കില്ലെന്നും സർക്കുലറിൽ കൃത്യമായി നിർദേശിച്ചിട്ടുണ്ട്. സ്കൂളുകൾ അറിവ് നേടാനുള്ള സ്ഥലമാണെന്നും ആരെയും അമിതമായി പുകഴ്ത്താൻ വേണ്ടിയുള്ള ഇടമല്ലെന്നും ചൂണ്ടിക്കാട്ടിയ ഉത്തരവിൽ, ക്ലാസ്മുറികളിലോ സ്കൂൾ പരിസരങ്ങളിലോ രാഷ്ട്രീയ നേതാക്കളുടെ ജന്മദിനാഘോഷങ്ങൾ സംഘടിപ്പിക്കുന്നതിനും പൂർണ്ണ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. സർക്കാർ സ്കൂളുകളിൽ നടത്തുന്ന ഏത് പരിപാടികളും നിഷ്പക്ഷതയും വിദ്യാഭ്യാസപരമായ പ്രസക്തിയും പുലർത്തുന്നതായിരിക്കണമെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളെ രാഷ്ട്രീയ സ്വാധീനത്തിൽ നിന്ന് പൂർണ്ണമായി മുക്തമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും സർക്കാർ അറിയിച്ചു. സ്കൂൾ വിദ്യാർത്ഥികളെ രാഷ്ട്രീയ പ്രവർത്തനങ്ങളിൽ നിന്ന് അകറ്റിനിർത്തുന്നതിനായി മുഴുവൻ രക്ഷകർത്താക്കളും രാഷ്ട്രീയ നേതാക്കളും രാഷ്ട്രീയഭേദമന്യേ സഹകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

അടുത്ത കാലത്തുണ്ടായ ചില വിവാദ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് സർക്കാരിന്റെ ഈ അടിയന്തിര നടപടി. കഴിഞ്ഞ ദിവസം വിരുധനഗറിലെ ഗേൾസ് ഹൈസ്കൂൾ സന്ദർശിച്ച വ്യവസായ മന്ത്രി എസ്. കീർത്തന, അവിടുത്തെ വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യത്തെ ചോദ്യം ചെയ്തത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. കുട്ടികൾക്ക് ഇംഗ്ലീഷിൽ സംസാരിക്കാൻ കഴിയാത്തത് മുൻ സർക്കാർ പൊതുവിദ്യാലയങ്ങളെ അവഗണിച്ചതിന്റെ തെളിവാണെന്ന് മന്ത്രി കുറ്റപ്പെടുത്തിയതിനെതിരെ, സ്വന്തം രാഷ്ട്രീയ നേട്ടത്തിനായി മന്ത്രി കുട്ടികളെ അപമാനിക്കുകയാണെന്ന് ആരോപിച്ച് ഡിഎംകെ രംഗത്തെത്തിയിരുന്നു. ഇതിന് പുറമേ, മുഖ്യമന്ത്രി വിജയ്‌യുടെ നേതൃത്വത്തിലുള്ള ടിവികെ പാർട്ടിയുടെ പ്രവർത്തകർ ഒരു സ്കൂളിൽ അതിക്രമിച്ചു കയറി ക്ലാസ് തടസ്സപ്പെടുത്തിയതും വലിയ വിവാദമായിരുന്നു. വിജയ്‌യുടെ ചിത്രവുമായി ക്ലാസ്മുറിയിൽ പ്രവേശിച്ച ഇരുപതോളം വരുന്ന പാർട്ടി പ്രവർത്തകർ, ചിത്രത്തിലുള്ളത് ആരാണെന്ന് പറയാൻ വിദ്യാർത്ഥികളോട് ആവശ്യപ്പെടുകയും ഇതിന്റെ ദൃശ്യങ്ങൾ റീൽസ് ആയി സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്തിരുന്നു. ഈ രണ്ട് സംഭവങ്ങൾക്കെതിരെയും വ്യാപകമായ ജനവിമർശനം ഉയർന്ന സാഹചര്യത്തിലാണ് സ്കൂളുകളിൽ രാഷ്ട്രീയത്തിന് തടയിടാൻ തമിഴ്നാട് സർക്കാർ ശക്തമായ നിലപാട് സ്വീകരിച്ചിരിക്കുന്നത്.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *