ഐ.എസ്.ആർ.ഒയുടെ ചരിത്രപ്രധാനമായ സ്പേഡെക്സ് ദൗത്യത്തിൽ സ്പേസ് ഡോക്കിംഗ് പരീക്ഷണത്തിനായി ഉപയോഗിച്ച ഉപഗ്രഹങ്ങൾ വിജയകരമായി ദൗത്യം പൂർത്തിയാക്കി ഭൗമാന്തരീക്ഷത്തിൽ തിരികെ പ്രവേശിച്ച് കത്തിതീർന്നു. എസ്.ഡി.എക്സ് 01, എസ്.ഡി.എക്സ് 02 എന്നീ രണ്ട് ഉപഗ്രഹങ്ങളാണ് ഒക്ടോബർ 12, 13 തീയതികളിലായി സുരക്ഷിതമായി ഭൗമാന്തരീക്ഷത്തിലേക്ക് മടങ്ങിയെത്തിയത്. ഏഴ് മണിക്കൂർ ഇടവേളയിലായിരുന്നു ഇവയുടെ തിരിച്ചുവരവ്. ഇതിൽ ഒന്നാം ഉപഗ്രഹം ഒക്ടോബർ 12-ന് രാത്രി ഓസ്ട്രേലിയയ്ക്ക് പടിഞ്ഞാറ് തെക്കൻ ഇന്ത്യൻ മഹാസമുദ്രത്തിന് മുകളിലും, രണ്ടാം ഉപഗ്രഹം ഒക്ടോബർ 13-ന് പുലർച്ചെ വടക്കൻ പസഫിക് സമുദ്രത്തിന് മുകളിലുമാണ് ഭൗമാന്തരീക്ഷത്തിൽ പ്രവേശിച്ച് നശിച്ചത്.
2024 ഡിസംബർ 30-ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് പി.എസ്.എൽ.വി-സി60 റോക്കറ്റ് ഉപയോഗിച്ചാണ് ഈ രണ്ട് ഉപഗ്രഹങ്ങളും ഐ.എസ്.ആർ.ഒ വിക്ഷേപിച്ചത്. ബഹിരാകാശത്ത് വച്ച് ഉപഗ്രഹങ്ങളെ തമ്മിൽ കൂട്ടിച്ചേർക്കുക, ഊർജ്ജക്കൈമാറ്റം നടത്തുക, തുടർന്ന് വേർപെടുത്തുക എന്നിവയായിരുന്നു ദൗത്യത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ. ഇതിന്റെ ഭാഗമായി 2025 ജനുവരി 16-ന് ഇന്ത്യയുടെ കന്നി സ്പേസ് ഡോക്കിംഗ് വിജയകരമായി പൂർത്തിയാക്കി. തുടർന്ന് രണ്ട് തവണ ഡോക്കിംഗും അൺഡോക്കിംഗും വിജയകരമായി നടത്തിയിരുന്നു. ഇന്ത്യയുടെ ഭാരതീയ അന്തരീക്ഷ സ്റ്റേഷൻ, ചന്ദ്രയാൻ 4, ഗഗൻയാൻ എന്നീ സ്വപ്ന പദ്ധതികൾക്ക് നിർണ്ണായകമായ ഈ സാങ്കേതികവിദ്യയുടെ പരീക്ഷണം പൂർണ്ണ വിജയത്തിലെത്തിച്ചാണ് ഉപഗ്രഹങ്ങളുടെ മടക്കം.



