അഫ്ഗാനിസ്താന്റെ മുൻ ക്രിക്കറ്റ് താരം ഷാപൂർ സദ്രാനെ അപൂർവവും മാരകവുമായ രോഗം ബാധിച്ച് അതീവ ഗുരുതരാവസ്ഥയിൽ ന്യൂഡൽഹിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശരീരത്തിന്റെ പ്രതിരോധ സംവിധാനം സ്വന്തം അവയവങ്ങളെത്തന്നെ ആക്രമിച്ചു നശിപ്പിക്കുന്ന ‘ഹിമോ ഫാഹോസൈറ്റിക് ലിംഫോഹിസ്റ്റിയോ സെറ്റോസീസ്’ (HLH) എന്ന രോഗമാണ് താരത്തെ ബാധിച്ചിരിക്കുന്നത്. അഫ്ഗാനിസ്താനിൽ ചികിത്സയിലായിരുന്ന 38-കാരനായ സദ്രാന്റെ നില വഷളായതിനെത്തുടർന്നാണ് വിദഗ്ധ ചികിത്സയ്ക്കായി ഇന്ത്യയിലേക്ക് മാറ്റിയത്. ഐ.സി.സി ചെയർമാൻ ജയ് ഷാ, അഫ്ഗാൻ താരം റാഷിദ് ഖാൻ എന്നിവർ വ്യക്തിപരമായി ഇടപെട്ടാണ് താരത്തിന് ഇന്ത്യയിലേക്കുള്ള വിസ വേഗത്തിൽ ലഭ്യമാക്കിയത്.
ജനുവരിയിൽ ഡൽഹിയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട താരം നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണെന്ന് ഇ.എസ്.പി.എൻ ക്രിക് ഇൻഫോ റിപ്പോർട്ട് ചെയ്തു. അഫ്ഗാൻ ക്രിക്കറ്റിലെ കരുത്തുറ്റ പേസറായിരുന്ന സദ്രാൻ രാജ്യത്തിനായി 43 ഏകദിനങ്ങളിലും 82 ട്വന്റി-20 മത്സരങ്ങളിലും കളിച്ചിട്ടുണ്ട്. അഫ്ഗാൻ ക്രിക്കറ്റിന്റെ വളർച്ചയിൽ നിർണ്ണായക പങ്ക് വഹിച്ച താരത്തിന്റെ രോഗവിവരം കായിക ലോകത്തെ ഒന്നടങ്കം ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.



