India Mirror News

തൃശൂർ പൂരം മുറപോലെ നടത്തും; നിലപാട് വ്യക്തമാക്കി പാറമേക്കാവ്

തൃശൂർ പൂരം മുറപോലെ നടത്തും; നിലപാട് വ്യക്തമാക്കി പാറമേക്കാവ്

തൃശൂർ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടയിൽ തങ്ങളുടെ നിലപാട് വ്യക്തമാക്കി പാറമേക്കാവ് ദേവസ്വം രംഗത്തെത്തി. പൂരത്തിന്റെ ചടങ്ങുകൾ വെട്ടിക്കുറയ്ക്കില്ലെന്നും സാമ്പിൾ വെടിക്കെട്ട് മാത്രം ഒഴിവാക്കി പ്രധാന വെടിക്കെട്ടുകൾ മുറപോലെ നടത്താനാണ് തീരുമാനമെന്നും പാറമേക്കാവ് ദേവസ്വം സെക്രട്ടറി രാജേഷ് അറിയിച്ചു. പൂരദിവസത്തെ രാത്രി വെടിക്കെട്ടും പകൽ വെടിക്കെട്ടും മാറ്റമില്ലാതെ നടത്തണമെന്നാണ് പൊതുവികാരമെന്നും, പൂരം ഭംഗിയായി നടത്താനാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഇന്ന് ചേരുന്ന നിർണ്ണായക യോഗത്തിൽ ഈ നിലപാട് ഔദ്യോഗികമായി അറിയിക്കും. പൂര നടത്തിപ്പിൽ പൊതുസമൂഹത്തിന്റെ പിന്തുണ തങ്ങൾക്കുണ്ടെന്നും ജനം ആരുടെ ഒപ്പമാണെന്ന് പൂരം നടക്കുമ്പോൾ വ്യക്തമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, പാറമേക്കാവിന്റെ വെടിക്കെട്ട് ലൈസൻസിക്കെതിരെ പോലീസ് എടുത്ത കേസിലും സെക്രട്ടറി ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി. ലൈസൻസി ബിനോയ് ജേക്കബിനെതിരെയുള്ള നടപടി പിൻവലിക്കാൻ പാലക്കാട് ജില്ലാ കളക്ടറും എസ്പിയും തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പാലക്കാട് മുതലമടയിലെ വെടിമരുന്ന് നിർമ്മാണശാലയ്ക്ക് സ്റ്റോപ്പ് മെമ്മോ നൽകിയ നടപടി തെറ്റാണെന്നും 6500 കിലോ വെടിമരുന്ന് കൈകാര്യം ചെയ്യാൻ ‘പെസോ’യുടെ കൃത്യമായ അനുമതിയുള്ള കേന്ദ്രമാണിതെന്നും അദ്ദേഹം വിശദീകരിച്ചു. അനുവദിച്ചതിലും കൂടുതൽ സ്ഫോടകവസ്തുക്കൾ സൂക്ഷിച്ചു എന്ന തഹസിൽദാറുടെ റിപ്പോർട്ടിനെത്തുടർന്നാണ് വെടിമരുന്ന് നിർമ്മാണശാല ഉടമയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നത്. എന്നാൽ നിയമപരമായ എല്ലാ അനുമതിയോടെയുമാണ് കേന്ദ്രം പ്രവർത്തിക്കുന്നതെന്ന് ദേവസ്വം സെക്രട്ടറി വ്യക്തമാക്കി.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *