സൗദി അറേബ്യയിലെ വിശുദ്ധ നഗരമായ മക്കയെ ലക്ഷ്യമിട്ട് ഇറാന് പിന്തുണയുള്ള ഹൂതി വിമതർ തൊടുത്തുവിട്ട ഡ്രോൺ സൗദി അറേബ്യൻ വ്യോമപ്രതിരോധ സേന വിജയകരമായി തകർത്തു. മക്കയുടെ തെക്കൻ മേഖലയിലെ നിരോധിത വ്യോമപരിധിയിൽ പ്രവേശിക്കുന്നതിന് തൊട്ടുമുമ്പ് ചൊവ്വാഴ്ചയാണ് സംഭവം നടന്നതെന്ന് സൗദി നയിക്കുന്ന സഖ്യസേനാ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലികി അറിയിച്ചു. ആക്രമണ ശ്രമത്തെ തുടർന്ന് മക്ക ഉൾപ്പെടെയുള്ള പ്രമുഖ നഗരങ്ങളിൽ സുരക്ഷയും ജാഗ്രതയും ശക്തമാക്കിയിട്ടുണ്ട്. ഇസ്ലാമിന്റെ വിശുദ്ധ കേന്ദ്രങ്ങളുടെയും തീർത്ഥാടകരുടെയും സുരക്ഷ സൗദിയുടെ ‘റെഡ് ലൈൻ’ ആണെന്നും അതിൽ യാതൊരു വിട്ടുവീഴ്ചയുമില്ലെന്നും വ്യക്തമാക്കിയ വക്താവ്, ആക്രമണങ്ങൾക്കെതിരെ പ്രതിരോധ നടപടികൾ കൂടുതൽ കടുപ്പിക്കുമെന്നും കൂട്ടിച്ചേർത്തു.
ഹൂതികളുടെ ഈ നീക്കത്തെ 57 മുസ്ലിം രാജ്യങ്ങളുടെ കൂട്ടായ്മയായ ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോർപ്പറേഷൻ (ഒ.ഐ.സി) രൂക്ഷമായ ഭാഷയിൽ അപലപിക്കുകയും സൗദിക്ക് നേരെയുള്ള ഇത്തരം ആക്രമണങ്ങൾ അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കി രംഗത്തുവരികയും ചെയ്തു. ബാബ് അൽ മന്ദബ് കടലിടുക്കിന്റെ നിയന്ത്രണം പിടിച്ചെടുത്ത ഹൂതികൾ ചെങ്കടൽ വഴിയുള്ള സൗദിയുടെ എണ്ണക്കപ്പൽ ഗതാഗതം തടസ്സപ്പെടുത്താനുള്ള ശ്രമങ്ങൾ സജീവമാക്കിയിട്ടുണ്ട്. കഴിഞ്ഞ ആഴ്ചകളിൽ സൗദി എയർബേസുകൾക്ക് നേരെയും ഹൂതികൾ നിരവധി മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ നടത്തിയിരുന്നു. ഇതോടെ മേഖലയിൽ സംഘർഷ സാധ്യത വീണ്ടും അതിരൂക്ഷമായിരിക്കുകയാണ്.



