യെമനിൽ ഹൂതി വിമതർക്കെതിരെ വ്യോമാക്രമണം ശക്തമാക്കി സൗദി നയിക്കുന്ന അറബ് സഖ്യസേന. ശനിയാഴ്ച പുലർച്ചെ നടത്തിയ വിപുലമായ സൈനിക നീക്കത്തിലൂടെ ഹൂതികളുടെ 136 സൈനിക ലക്ഷ്യങ്ങൾ തകർത്തതായി സഖ്യസേന വെളിപ്പെടുത്തി. വിമതരുടെ സൈനിക ശേഷിയും ബാലിസ്റ്റിക് മിസൈൽ ശൃംഖലകളും പൂർണ്ണമായി ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടിയെന്ന് വ്യക്തമാക്കിയ സഖ്യസേനാ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി, യെമൻ ഔദ്യോഗിക സൈന്യത്തിന് ആവശ്യമായ വ്യോമപിന്തുണ നൽകിവരുന്നുണ്ടെന്നും വരും മണിക്കൂറുകളിലും ശക്തമായ ആക്രമണങ്ങൾ തുടരുമെന്നും അറിയിച്ചു.
കഴിഞ്ഞ ചൊവ്വ, ബുധൻ ദിവസങ്ങളിൽ സൗദിയിലെ അബഹ, റിയാദ് അന്താരാഷ്ട്ര വിമാനത്താവളങ്ങൾ ലക്ഷ്യമാക്കി ഹൂതികൾ നടത്തിയ ആക്രമണങ്ങൾക്ക് തിരിച്ചടിയായാണ് ഈ സൈനിക നടപടി. ഹൂതികളുടെ ആക്രമണത്തിൽ മൊറോക്കൻ, അൾജീരിയൻ സ്വദേശികളായ രണ്ട് വനിതകൾ ഉൾപ്പെടെ മൂന്ന് വിദേശികൾ കൊല്ലപ്പെടുകയും സ്വദേശികളും പ്രവാസികളുമടങ്ങുന്ന 36 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ബംഗ്ലാദേശ്, ഫിലിപ്പീൻസ് പൗരന്മാർ ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റ ഈ സംഭവ വികാസങ്ങളാണ് മേഖലയിലെ സംഘർഷം കൂടുതൽ രൂക്ഷമാക്കിയത്.



