ഇന്ത്യ-ശ്രീലങ്ക ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് നാളെ ഗാലെ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ആരംഭിക്കും. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ നിലമെച്ചപ്പെടുത്താൻ ലക്ഷ്യമിടുന്ന ശുഭ്മൻ ഗില്ലിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ സംഘം പരമ്പരയിലെ സമ്പൂർണ്ണ ജയത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല. ഗാലെയിലെ പിച്ചിന്റെ സ്വഭാവം കണക്കിലെടുത്ത് മൂന്ന് ഇടംകയ്യൻ സ്പിന്നർമാരെയാണ് ഇന്ത്യ കളത്തിലിറക്കാൻ സാധ്യതയെന്ന് ബൗളിംഗ് കോച്ച് മോണി മോർക്കൽ സൂചന നൽകി. കുൽദീപ് യാദവ്, രവീന്ദ്ര ജഡേജ, മാനവ് സുതർ എന്നിവരായിരിക്കും സ്പിൻ നിര നയിക്കുക. മൂന്ന് പേരും ഇടംകൈയൻമാരാണെന്നത് ആശങ്കയുണ്ടാക്കുന്നില്ലെന്നും എതിരാളികളുടെ 20 വിക്കറ്റുകളും വീഴ്ത്താൻ ഈ സ്പിൻ ത്രയത്തിന് ശേഷിയുണ്ടെന്നും പരിശീലകർ വ്യക്തമാക്കുന്നു. പേസ് ബൗളിംഗിൽ മുഹമ്മദ് സിറാജിനൊപ്പം ഗുർനൂർ ബ്രാറോ പ്രസിദ്ധ് കൃഷ്ണയോ അണിനിരക്കും; പരിശീലനത്തിലെ പ്രകടനം വിലയിരുത്തുമ്പോൾ ഗുർനൂറിനാണ് മുൻതൂക്കം.
മുഖ്യ പരിശീലകൻ ഗൗതം ഗംഭീറിന്റെയും ചീഫ് സെലക്ടർ അജിത് അഗാർക്കറിന്റെയും നേരിട്ടുള്ള മേൽനോട്ടത്തിലാണ് ടീമിന്റെ പരിശീലനം നടന്നത്. ബാറ്റിംഗ് നിരയിൽ യശസ്വി ജയ്‌സ്വാളും കെ.എൽ. രാഹുലും ഇന്നിംഗ്സ് ഓപ്പൺ ചെയ്യുമ്പോൾ ദേവ്ദത്ത് പടിക്കൽ മൂന്നാം നമ്പറിലും ക്യാപ്റ്റൻ ഗിൽ നാലാമനായും റിഷഭ് പന്ത് അഞ്ചാമനായും ക്രീസിലെത്തും. ആറാം നമ്പറിലേക്ക് ധ്രുവ് ജുറലും സർഫറാസ് ഖാനും തമ്മിലാണ് പ്രധാന മത്സരം. സമീപകാലത്തെ ദക്ഷിണാഫ്രിക്കൻ, അഫ്ഗാനിസ്ഥാൻ പരമ്പരകളിൽ ജുറലിന് പ്രതീക്ഷിച്ച ബാറ്റിംഗ് ഫോമിലെത്താൻ കഴിഞ്ഞിരുന്നില്ല. സ്പിൻ ബൗളിംഗിനെ മികച്ച രീതിയിൽ നേരിടുന്ന സർഫറാസ് ഖാന് നിലവിൽ ചെറിയൊരു മേൽക്കൈയുണ്ടെങ്കിലും അന്തിമ തീരുമാനം കോച്ച് ഗംഭീറിന്റേതായിരിക്കും. യശസ്വി ജയ്‌സ്വാൾ, കെ.എൽ. രാഹുൽ, ദേവ്ദത്ത് പടിക്കൽ, ശുഭ്മാൻ ഗിൽ, റിഷഭ് പന്ത്, ധ്രുവ് ജുറൽ/സർഫറാസ് ഖാൻ, രവീന്ദ്ര ജഡേജ, മാനവ് സുതർ, കുൽദീപ് യാദവ്, ഗുർനൂർ ബ്രാർ, മുഹമ്മദ് സിറാജ് എന്നിവരടങ്ങുന്നതായിരിക്കും ഇന്ത്യയുടെ സാധ്യതാ ഇലവൻ.



