India Mirror News

പ്രായം തോൽക്കുന്ന പോരാട്ടവീര്യം; ലോകവേദിയിൽ ഇരട്ട ഗോളുകളുമായി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ജൈത്രയാത്ര

വിമർശകർക്ക് കളിക്കളത്തിൽ തന്റെ ബൂട്ടുകൾ കൊണ്ട് മറുപടി നൽകുന്ന പതിവ് ശീലം ക്രിസ്റ്റ്യാനോ റൊണാൾഡോ എന്ന ഇതിഹാസം 2026 ലോകവേദിയിലും ആവർത്തിക്കുകയാണ്. പ്രായം വെറുമൊരു നമ്പർ മാത്രമാണെന്ന് ഒരിക്കൽക്കൂടി പ്രഖ്യാപിച്ചുകൊണ്ട്, വിമർശകരുടെ എല്ലാ ചോദ്യങ്ങൾക്കും ഹൂസ്റ്റൺ സ്റ്റേഡിയത്തിൽ ഉസ്ബെക്കിസ്ഥാനെതിരെ രണ്ട് തകർപ്പൻ ഗോളുകൾ അടിച്ചാണ് സിആർ സെവൻ മറുപടി നൽകിയത്. വർഷങ്ങൾ കടന്നുപോവുകയും എതിരാളികളും വിമർശകരും കളിയും കളിത്തട്ടുമെല്ലാം മാറുകയും ചെയ്തിട്ടും മാറ്റമില്ലാതെ ഒരേയൊരു ക്രിസ്റ്റ്യാനോ റൊണാൾഡോ മാത്രം ഇന്നും ലോക ഫുട്ബോളിന്റെ നെറുകയിൽ ജ്വലിച്ചു നിൽക്കുന്നു. കരിയർ അവസാനിച്ചുവെന്ന് വിമർശക ലോകം വിധി എഴുതിയപ്പോഴെല്ലാം കൂടുതൽ കരുത്തനായും കൂടുതൽ അപകടകാരിയായും തിരിച്ചുവന്ന ഈ ഗോൾവേട്ടക്കാരന് മുന്നിൽ പ്രായം തോൽക്കുകയും റെക്കോർഡുകൾ തലകുനിക്കുകയുമാണ്. ലോകം ഒന്നടങ്കം അതിശയത്തോടെയാണ് പോർച്ചുഗീസ് നായകന്റെ ഈ പോരാട്ടവീര്യം നോക്കിനിന്ന് കൈയടിക്കുന്നത്.

കളിയിലും കണക്കിലും റെക്കോർഡിലും കമ്പോട് കമ്പ് ഒപ്പമുള്ള ലയണൽ മെസ്സിക്കൊപ്പം 2006-ലായിരുന്നു റൊണാൾഡോയുടെ ലോകകപ്പ് അരങ്ങേറ്റം കുറിക്കുന്നത്. തുടർന്നുവന്ന 2006, 2010, 2014 ലോകകപ്പുകളിൽ ഓരോ ഗോളുകളുമായി മടങ്ങിയ താരം 2018 ലോകകപ്പിൽ ഹാട്രിക് ഉൾപ്പടെ നാല് ഗോളുകളുടെ തകർപ്പൻ പ്രകടനമാണ് പുറത്തെടുത്തത്. പിന്നീട് 2022-ൽ നടന്ന ഖത്തർ ലോകകപ്പിലും ഒരു ഗോൾ നേടി താരം തന്റെ സാന്നിധ്യമറിയിച്ചിരുന്നു. ആ ചരിത്രക്കുതിപ്പാണ് ഇപ്പോൾ 2026-ലെ ലോകവേദിയിലും റൊണാൾഡോ ഇരട്ട ഗോളുകളോടെ വിസ്മയകരമായി തുടരുന്നത്.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *