India Mirror News

വിദേശ ഫണ്ട് ചട്ടങ്ങൾ കൂടുതൽ കർശനമാക്കി കേന്ദ്ര സർക്കാർ; മതപരിവർത്തനത്തിന് വിലക്ക്, നിയമലംഘനങ്ങൾക്ക് കനത്ത പിഴ

വിദേശസംഭാവനാ നിയന്ത്രണ നിയമത്തിന്റെ (എഫ്‌സി‌ആർ‌എ) ചട്ടങ്ങൾ കൂടുതൽ കർശനമാക്കിക്കൊണ്ട് കേന്ദ്രസർക്കാർ പുതിയ ഉത്തരവിറക്കി. വിദേശ ഫണ്ട് സ്വീകരിക്കുന്ന സന്നദ്ധ സംഘടനകൾക്കുള്ള (എൻജിഒ) നിയന്ത്രണങ്ങൾ കടുപ്പിക്കുന്നതാണ് പുതിയ ചട്ട ഭേദഗതി. നിയമഭേദഗതിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമായി തുടരുന്നതിനിടയിലാണ് കേന്ദ്രത്തിന്റെ ഈ പുതിയ നടപടി. പുതിയ നിർദ്ദേശപ്രകാരം സന്നദ്ധ സംഘടനകൾക്ക് വിശ്വാസ പ്രചാരണം നടത്താൻ അനുവാദമുണ്ടായിരിക്കുമെങ്കിലും മതപരിവർത്തന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിന് പൂർണ്ണ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ വിദേശ പൗരന്മാർ മുഖ്യ ഭാരവാഹികളായിരിക്കുന്ന സംഘടനകൾക്ക് വിദേശ ഫണ്ട് ലഭിക്കുന്നതിലും ചില പ്രത്യേക മേഖലകളിൽ രാഷ്ട്രീയ പ്രവർത്തനങ്ങൾ നടത്തുന്നതിലും ശക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പുതിയ ചട്ടപ്രകാരം വിദേശ ഫണ്ട് ലഭിക്കുന്നതിനായി ഒരു സംഘടന കഴിഞ്ഞ രണ്ട് വർഷത്തിനിടെ ചുരുങ്ങിയത് പത്ത് ലക്ഷം രൂപയെങ്കിലും വിദേശ ഫണ്ടിനത്തിൽ ചെലവാക്കിയിരിക്കണം. ഒപ്പം അഞ്ച് വിഭാഗങ്ങളിലായി നിശ്ചയിച്ചിട്ടുള്ള 105 പ്രവർത്തനങ്ങൾക്ക് മാത്രമായിരിക്കും ഇനി മുതൽ വിദേശ ധനസഹായം ഉപയോഗിക്കാൻ അനുമതിയുള്ളൂവെന്നും ഭേദഗതിയിൽ വ്യക്തമാക്കുന്നു.

ഇതോടൊപ്പം തന്നെ എഫ്‌സി‌ആർ‌എ നിയമലംഘനങ്ങൾക്കുള്ള പിഴ ശിക്ഷകളും കേന്ദ്ര സർക്കാർ പൂർണ്ണമായി പരിഷ്കരിച്ചിട്ടുണ്ട്. നിശ്ചിത പരിധിക്ക് മുകളിൽ ഭരണപരമായ ആവശ്യങ്ങൾക്കായി വിദേശ സംഭാവന ചെലവഴിച്ചാൽ ഒരു ലക്ഷം രൂപ പിഴ ഈടാക്കും. വിദേശ ഫണ്ട് ഉപയോഗിച്ച് ഊഹക്കച്ചവട നിക്ഷേപങ്ങൾ നടത്തിയാലും ഒരു ലക്ഷം രൂപ പിഴ ഒടുക്കേണ്ടി വരും. ഇതിനുപുറമെ ഇത്തരം നിക്ഷേപങ്ങളിൽ നിന്നുള്ള റിട്ടേണിന്റെ നൂറ് ശതമാനവും സർക്കാർ തിരിച്ചുപിടിക്കുന്നതുമായിരിക്കും. അനുവദനീയമായ കാര്യങ്ങൾക്കല്ലാതെ ഫണ്ട് വക മാറ്റി ചെലവഴിക്കുന്ന സംഘടനകൾക്കും ഒരു ലക്ഷം രൂപ രൂപ പിഴ ചുമത്താൻ പുതിയ ചട്ടങ്ങളിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *