India Mirror News

പകർച്ചവ്യാധി പ്രതിരോധം ശക്തമാക്കാൻ ആരോഗ്യവകുപ്പ്; സ്വകാര്യ ആശുപത്രികൾ പനി കണക്കുകൾ ദിവസവും കൈമാറണം

സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപനം അതിരൂക്ഷമാകുന്ന പശ്ചാത്തലത്തിൽ, പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ വിപുലീകരിക്കാൻ ആരോഗ്യവകുപ്പ് നിർണായക നടപടികൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി ദിവസേനയുള്ള പകർച്ചവ്യാധി കണക്കുകൾ കൃത്യമായി കൈമാറാൻ എല്ലാ സ്വകാര്യ ആശുപത്രികൾക്കും ആരോഗ്യവകുപ്പ് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. നിലവിൽ സർക്കാർ പുറത്തുവിടുന്നത് സർക്കാർ ആശുപത്രികളിൽ നിന്നുള്ള വിവരങ്ങൾ മാത്രമായതിനാൽ, യഥാർത്ഥ രോഗബാധിത പ്രദേശങ്ങളും ഹോട്ട്‌സ്‌പോട്ടുകളും കൃത്യമായി നിർണ്ണയിക്കാൻ കഴിയുന്നില്ലെന്ന വിലയിരുത്തലിനെ തുടർന്നാണ് ഈ നീക്കം. സ്വകാര്യ ആശുപത്രികളിലെ വിവരശേഖരണം കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി ആരോഗ്യവകുപ്പിൽ നിന്ന് പ്രത്യേക ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്താനും തീരുമാനമായിട്ടുണ്ട്. സംസ്ഥാനത്ത് ഇന്നലെ മാത്രം 13,747 പേരാണ് പനി ബാധിച്ച് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്.

അതേസമയം, ഡെങ്കിപ്പനിയും എലിപ്പനിയും ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾ സംസ്ഥാനത്ത് വ്യാപകമായി പടരുകയാണ്. ഇന്നലെ മാത്രം 159 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഇതിനുപുറമെ ഇന്ന് 22 പേർക്ക് എലിപ്പനി സ്ഥിരീകരിക്കുകയും എലിപ്പനി ബാധിച്ച് രണ്ട് പേർ മരണപ്പെടുകയും ചെയ്തിട്ടുണ്ട്. നാല് പേർക്ക് മലേറിയയും ഒരാൾക്ക് അമീബിക് മസ്തിഷ്കജ്വരവും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിനിടെ നിപ ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗി വെന്റിലേറ്ററിൽ ചികിത്സയിൽ തുടരുകയാണെന്നും ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കുന്നു.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *