ജോൺ ബ്രിട്ടാസ് എം.പിയെ സുഷ്മിത ദേവ് ‘ലുങ്കിവാല’ എന്ന് വിളിച്ച് അധിക്ഷേപിച്ച സംഭവത്തിൽ രാജ്യസഭയിൽ വൻ പ്രതിഷേധവും നാടകീയ രംഗങ്ങളും അരങ്ങേറി. താൻ മലയാളിയെന്ന നിലയിൽ ഓരോ നിമിഷവും അഭിമാനത്തോടെയാണ് ജീവിക്കുന്നതെന്നും തൃണമൂൽ കോൺഗ്രസ് അംഗമായ സുഷ്മിത ദേവ് തന്നെ നിരന്തരം ശല്യപ്പെടുത്തുകയും ‘ലുങ്കിവാല’ എന്ന് വിളിച്ച് പരിഹസിക്കുകയും ചെയ്തതായി ബ്രിട്ടാസ് സഭയിൽ ഉന്നയിച്ചു. സഭയിൽ എല്ലാ അംഗങ്ങളും തുല്യരാണെന്നും പ്രാദേശികമായ വിവേചനങ്ങളോ വ്യക്തിവിരോധമോ അംഗീകരിക്കാനാകില്ലെന്നും വിഷയത്തിൽ ഇടപെട്ട് സംസാരിച്ച കേന്ദ്രമന്ത്രി കിരൺ റിജിജു വ്യക്തമാക്കി.
അതേസമയം, സംഭവത്തിൽ സുഷ്മിത ദേവിനും പരാതിയുണ്ടെന്നും അതും കേൾക്കേണ്ടതുണ്ടെന്നും റിജിജു കൂട്ടിച്ചേർത്തു. പിന്നാലെ സുഷ്മിത ദേവ് ബി.ജെ.പി നേതാവ് ജെ.പി. നദ്ദയുടെ അടുത്തെത്തി തന്റെ ഭാഗം വിശദീകരിക്കുകയും പരാതിപ്പെടുകയും ചെയ്തു. ബ്രിട്ടാസിന് മാത്രം സംസാരിക്കാൻ അനുവാദം നൽകിയെന്ന് ആരോപിച്ച് ബി.ജെ.പി അംഗങ്ങൾ ബഹളം വച്ചതോടെ സഭാനടപടികൾ തടസ്സപ്പെടുകയും തുടർന്ന് രാജ്യസഭ ഉച്ചയ്ക്ക് രണ്ടു മണി വരെ നിർത്തിവെക്കുകയും ചെയ്തു.



