വ്യോമയാനം, ഊർജ്ജം, വിദ്യാഭ്യാസം തുടങ്ങിയ സുപ്രധാന മേഖലകളെ ലക്ഷ്യമിട്ടുണ്ടായ വൻ സൈബർ ആക്രമണങ്ങളെ വിജയകരമായി ചെറുത്തുതോൽപ്പിച്ചതായി യു.എ.ഇ സൈബർ സുരക്ഷാ കൗൺസിൽ അറിയിച്ചു. ആക്രമണ ശ്രമങ്ങൾ ഉണ്ടായിയെങ്കിലും നിർണ്ണായക സംവിധാനങ്ങൾക്കോ അവശ്യ സേവനങ്ങൾക്കോ യാതൊരുവിധ തകരാറുകളും സംഭവിച്ചിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. സംഭവത്തെ തുടർന്ന് രാജ്യത്തെ സർക്കാർ സ്ഥാപനങ്ങളും പ്രമുഖ ബിസിനസുകളും സുരക്ഷ മുൻകരുതലുകൾ കൂടുതൽ ശക്തമാക്കിയിട്ടുണ്ട്.
മറ്റൊരു സുപ്രധാന പ്രഖ്യാപനത്തിൽ, ഇന്ത്യൻ വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനായി അബുദാബി സാംസ്കാരിക വിനോദസഞ്ചാര വകുപ്പ് പുതിയ വിസാ ഓഫർ പ്രഖ്യാപിച്ചു. അംഗീകൃത ട്രാവൽ പങ്കാളികൾ വഴി അബുദാബിയിലേക്ക് പാക്കേജ് ബുക്ക് ചെയ്യുന്ന യോഗ്യരായ ഇന്ത്യൻ പാസ്പോർട്ട് ഉടമകൾക്ക് സൗജന്യ യു.എ.ഇ എൻട്രി വിസ നൽകുന്ന പദ്ധതിക്ക് ഓഗസ്റ്റ് 1 മുതൽ തുടക്കമായി. ഒക്ടോബർ 31 വരെ നീളുന്ന പൈലറ്റ് പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തിൽ 20,000 വിസകളാണ് സൗജന്യമായി അനുവദിക്കുന്നത്. ഇന്ത്യയിൽ നിന്ന് പുറപ്പെടുന്നവർക്കും അബുദാബിയിൽ തുടർച്ചയായി കുറഞ്ഞത് മൂന്ന് രാത്രികൾ ഹോട്ടൽ താമസവും റിട്ടേൺ വിമാന ടിക്കറ്റും ബുക്ക് ചെയ്യുന്നവർക്കും മാത്രമാണ് ഈ ആനുകൂല്യം ലഭിക്കുക. അംഗീകൃത ട്രാവൽ ഏജൻസികൾ വഴിയുള്ള പാക്കേജുകൾക്ക് മാത്രം ബാധകമായ ഈ പദ്ധതിയിൽ വിസ തുക പൂർണ്ണമായും അബുദാബി ടൂറിസം വകുപ്പ് തന്നെയാണ് വഹിക്കുന്നത്.



