ഡൽഹിയിലെ ആകാശവാണി ഭവനിലേക്ക് അനുമതിയില്ലാതെ മാർച്ച് നടത്തുകയും സ്ഥാപനത്തിനുള്ളിലേക്ക് അതിക്രമിച്ചു കയറുകയും ചെയ്ത സംഭവത്തിൽ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ ഡൽഹി പോലീസ് കേസെടുത്തു. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി. എം.പിമാർ ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിൽ നടന്ന മാർച്ചിൽ തുടക്കത്തിൽ സഹകരിച്ചെങ്കിലും ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാക്കി അതിക്രമിച്ചു കടന്നതോടെയാണ് കേസെടുത്തതെന്നാണ് പോലീസിന്റെ വിശദീകരണം. സംഭവവുമായി ബന്ധപ്പെട്ട് 260 പേരെ കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് വിട്ടയച്ചു.
ഈ വിഷയത്തിലെ തുടർ സമരപരിപാടികൾ ആസൂത്രണം ചെയ്യുന്നതിനായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ ഇന്ന് ഇന്ത്യ സഖ്യ നേതാക്കളുടെ യോഗം വിളിച്ചിട്ടുണ്ട്. അതിനിടെ, ശനിയാഴ്ച ഇടതുവിദ്യാർത്ഥി സംഘടനകളുമായി ചേർന്ന് നടത്താൻ നിശ്ചയിച്ചിരിക്കുന്ന പ്രതിഷേധ സമരം തടയാൻ പോലീസ് ശ്രമിക്കുകയാണെന്ന് ആരോപിച്ച് സി.ജെ.പിയും രംഗത്തെത്തി.



