India Mirror News

വിദ്യാർത്ഥികൾക്ക് നേരെയുള്ള പോലീസ് അതിക്രമം; യു.ഡി.എഫ് സർക്കാരിന്റെ ‘സംഘപരിവാർ പ്രീണനത്തിൽ’ ഖാർഗെയ്ക്ക് കത്തയച്ച് പിണറായി വിജയൻ

വിദ്യാർത്ഥികൾക്ക് നേരെയുള്ള പോലീസ് അതിക്രമം; യു.ഡി.എഫ് സർക്കാരിന്റെ ‘സംഘപരിവാർ പ്രീണനത്തിൽ’ ഖാർഗെയ്ക്ക് കത്തയച്ച് പിണറായി വിജയൻ

കേരള സർവകലാശാലയിലെ എസ്.എഫ്.ഐ പ്രതിഷേധത്തിനു നേരെ പോലീസ് നടത്തിയ അതിക്രമത്തിലും, സംഘപരിവാർ അജണ്ടകൾക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്ന യു.ഡി.എഫ് സർക്കാരിന്റെ നയങ്ങളിലും പ്രതിഷേധം രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് കത്തയച്ചു. സർവ്വകലാശാലയിൽ വന്ദേമാതരം പൂർണ്ണമായി ആലപിച്ച വിഷയത്തിൽ സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് നേരെ യാതൊരു പ്രകോപനവുമില്ലാതെ പോലീസ് ലത്തിച്ചാർജ് നടത്തുകയായിരുന്നുവെന്നും, പെൺകുട്ടികളെ ആൺ പോലീസുകാർ ആക്രമിച്ചുവെന്നും അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി. ബഹുസ്വര സമൂഹത്തെയും ഭരണഘടനാ മൂല്യങ്ങളെയും സംരക്ഷിക്കാൻ ദേശീയ പ്രസ്ഥാനത്തിന്റെ കാലം മുതൽ വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ശ്ലോകങ്ങൾ മാത്രം ആലപിക്കുക എന്ന സമവായം നിലവിലുണ്ട്. എന്നാൽ 80 വർഷത്തിലേറെയായി നിലനിൽക്കുന്ന ഈ സമവായം തകർത്ത് മുഴുവൻ വന്ദേമാതരവും നിർബന്ധപൂർവ്വം ആലപിക്കാൻ സംഘപരിവാർ ശ്രമിക്കുമ്പോൾ, കോൺഗ്രസ് നയിക്കുന്ന സംസ്ഥാന സർക്കാരും അതേ നിലപാടാണ് സ്വീകരിക്കുന്നതെന്ന് അദ്ദേഹം വിമർശിച്ചു.

ദേശീയതലത്തിൽ വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്ക് പിന്തുണ പ്രഖ്യാപിക്കുകയും കേന്ദ്ര സർക്കാരിന്റെയും ഡൽഹി പോലീസിന്റെയും അടിച്ചമർത്തലുകളെ എതിർക്കുകയും ചെയ്യുന്ന കോൺഗ്രസ്, കേരളത്തിൽ ഫാസിസ്റ്റ് ശൈലിയിലാണ് വിദ്യാർത്ഥികളെ നേരിടുന്നത്. മുൻപ് എ.ഐ.സി.സി ആസ്ഥാനത്ത് വന്ദേമാതരം മുഴുവൻ പാടിയതിൽ സോണിയ ഗാന്ധി പോലും അതൃപ്തി പ്രകടിപ്പിച്ചിരുന്നുവെങ്കിലും, കേരളത്തിൽ സംഘപരിവാറിനെ തൃപ്തിപ്പെടുത്താനാണ് കോൺഗ്രസ് സർക്കാർ ശ്രമിക്കുന്നത്. കൂടാതെ, സർവകലാശാല നിയമത്തിൽ യു.ജി.സി ചട്ടങ്ങൾക്കനുസൃതമായി ഭേദഗതി വരുത്താമെന്ന് കോടതിയിൽ സമ്മതിച്ചതിലൂടെ സർവകലാശാലകളുടെ മേൽ ഗവർണർക്കുള്ള പൂർണ്ണ അധീശത്വം സംസ്ഥാന സർക്കാർ അംഗീകരിച്ചു കൊടുത്തു. ഇത് സർവകലാശാലകളെ കൈപ്പിടിയിലാക്കാൻ കേന്ദ്ര സർക്കാരും സംഘപരിവാറും നടത്തുന്ന ശ്രമങ്ങൾക്ക് സർക്കാർ കീഴടങ്ങിയതിന്റെ തെളിവാണെന്നും അദ്ദേഹം ആരോപിച്ചു. കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിന്റെ ഈ പ്രീണന നയങ്ങളിൽ നിന്നും പോലീസ് അതിക്രമങ്ങളിൽ നിന്നും പിന്തിരിയാൻ എ.ഐ.സി.സി അധ്യക്ഷൻ അടിയന്തരമായി ഇടപെടണമെന്ന് പിണറായി വിജയൻ ആവശ്യപ്പെട്ടു.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *