കർണാടകയിലെ യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരു വധക്കേസിൽ വർഷങ്ങളായി ഒളിവിലായിരുന്ന പ്രതി ഉമ്മർ ഫാറൂഖിനെ നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (എൻ.ഐ.എ) കൊച്ചിയിൽ നിന്ന് അറസ്റ്റ് ചെയ്തു. ഇയാളെ കണ്ടെത്തുന്നതിനായി സഹായിക്കുന്നവർക്ക് നാല് ലക്ഷം രൂപ പാരിതോഷികം എൻ.ഐ.എ പ്രഖ്യാപിച്ചിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ പങ്കാളിയായി എന്നതാണ് ഇയാൾക്കെതിരെയുള്ള പ്രധാന കുറ്റം.
കഴിഞ്ഞ മാസവും കേസിലെ മുഖ്യപ്രതിയെ കൊച്ചിയിൽ നിന്ന് എൻ.ഐ.എ പിടികൂടിയിരുന്നു. കഴിഞ്ഞ മൂന്ന് വർഷത്തോളമായി പള്ളുരുത്തിയിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ ബംഗളൂരുവിലെയും കൊച്ചിയിലെയും എൻ.ഐ.എ ഉദ്യോഗസ്ഥർ ചേർന്നുള്ള സംയുക്ത പരിശോധനയിലൂടെയാണ് വലയിലാക്കിയത്. കേസിൽ ഇതുവരെ 19 പേരാണ് അറസ്റ്റിലായിട്ടുള്ളത്.
2022 ജൂലൈ 26-നാണ് ദക്ഷിണ കന്നഡ ജില്ലാ യുവമോർച്ച എക്‌സിക്യുട്ടിവ് അംഗമായ പ്രവീൺ നെട്ടാരു കൊല്ലപ്പെടുന്നത്. സുള്ള്യക്കടുത്ത് ബെല്ലാരെയിൽ താൻ നടത്തിയിരുന്ന കോഴിക്കട അടച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ബൈക്കിലെത്തിയ അക്രമികൾ വെട്ടുകത്തി ഉപയോഗിച്ച് പ്രവീണിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.



