കാസർഗോഡ് പതിനാറുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ തളിപ്പറമ്പ് പുളിപ്പറമ്പ് സ്വദേശിനി സ്നേഹ മെർളിനെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ പയ്യന്നൂർ മാത്തിലിലെ ബന്ധുവീട്ടിൽ ഒളിവിൽ കഴിയുകയായിരുന്ന ഇവരെ ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പെരിങ്ങോം പൊലീസിന്റെ സഹായത്തോടെ മേൽപ്പറമ്പ് പൊലീസാണ് പിടികൂടിയത്. അഞ്ച് പോക്സോ കേസുകളിൽ പ്രതിയായ സ്നേഹയ്ക്കെതിരെ മേൽപ്പറമ്പ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്യുന്ന നാലാമത്തെ പോക്സോ കേസാണിത്.
കണ്ണൂർ ജയിലിൽ വച്ചാണ് പീഡനത്തിനിരയായ പെൺകുട്ടിയുടെ അമ്മയെ സ്നേഹ പരിചയപ്പെടുന്നത്. ജയിൽ മോചിതരായ ശേഷം സ്നേഹ ഒരു വർഷത്തോളം പെൺകുട്ടിയുടെ അമ്മയ്ക്കൊപ്പമാണ് താമസിച്ചിരുന്നത്. ഈ സമയത്താണ് പെൺകുട്ടി ക്രൂരമായി പീഡിപ്പിക്കപ്പെട്ടത്. ഭയം മൂലം പെൺകുട്ടി വിവരം പുറത്തുപറഞ്ഞിരുന്നില്ലെങ്കിലും പിന്നീട് സ്കൂളിൽ നടന്ന കൗൺസിലിംഗിലാണ് പീഡനവിവരം വെളിപ്പെടുത്തിയത്. തുടർന്ന് ജൂൺ 13-ന് മേൽപ്പറമ്പ് പൊലീസ് പോക്സോ വകുപ്പുകൾ പ്രകാരം കേസെടുത്തതോടെയാണ് സ്നേഹ ഒളിവിൽ പോയത്. തളിപ്പറമ്പ് സ്റ്റേഷനിലും ഇവർക്കെതിരെ മൂന്ന് പോക്സോ കേസുകൾ നിലവിലുണ്ട്.



