മുംബൈ ഉൾപ്പെടെ മഹാരാഷ്ട്രയിലെ വിവിധ ജില്ലകളിലും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും കനത്ത പ്രകൃതിക്ഷോഭം വിതച്ച് തീവ്രമഴ തുടരുന്നു. മഹാരാഷ്ട്രയിൽ പെയ്യുന്ന അതിശക്തമായ മഴയെത്തുടർന്ന് മുംബൈ-പൂണെ ഹൈവേയിൽ ഉരുൾപൊട്ടലുണ്ടായി. പാൽഘർ ജില്ലയിലെ വസായി, വീരാർ തുടങ്ങിയ താഴ്ന്ന പ്രദേശങ്ങൾ ഇപ്പോഴും പൂർണ്ണമായും വെള്ളത്തിനടിയിലാണ്. കനത്ത മഴയുടെ പശ്ചാത്തലത്തിൽ മുംബൈയിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ രാത്രി മുംബൈയിലെ മാൻകുർദിൽ കനത്ത മഴയെത്തുടർന്ന് അനധികൃതമായി നിർമ്മിച്ച കുടിലുകൾ തകർന്നു വീണുണ്ടായ അപകടത്തിൽ അഞ്ച് കുട്ടികളടക്കം ആറുപേർ മരണപ്പെട്ടിരുന്നു. കഴിഞ്ഞ ആറ് ദിവസമായി തുടരുന്ന പേമാരിയിൽ കോടിക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് ഈ മേഖലയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സാഹചര്യം കണക്കിലെടുത്ത് മുംബൈ, താനെ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അധികൃതർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
മഹാരാഷ്ട്രയ്ക്ക് പുറമെ ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിലും മഴക്കെടുതി രൂക്ഷമായി തുടരുകയാണ്. ഉത്തരാഖണ്ഡിലെ അളകനന്ദാ നദിയിൽ ജലനിരപ്പ് അപകടകരമായ രീതിയിൽ ഉയർന്നതിനെ തുടർന്ന് പ്രശസ്തമായ നമാമി ഘട്ട് പൂർണ്ണമായും വെള്ളത്തിനടിയിലായി. വരും ദിവസങ്ങളിൽ ഒഡിഷ, ജാർഖണ്ഡ്, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി ഒഡിഷയിൽ നിലവിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഛത്തീസ്ഗഡിലെ റായ്പൂരിലുള്ള താഴ്ന്ന മേഖലകളിൽ അതിരൂക്ഷമായ വെള്ളക്കെട്ടാണ് രൂപപ്പെട്ടിരിക്കുന്നത്. ഇവിടുത്തെ ഗരിയാബന്ദ് ജില്ലയിലുണ്ടായ വെള്ളപ്പൊക്കത്തിൽ കുടുങ്ങിപ്പോയ നിരവധി തൊഴിലാളികളെ ദുരന്തനിവാരണ സേന വിജയകരമായി രക്ഷപ്പെടുത്തി.



