ഭോപ്പാൽ: രാജ്യത്തെ വഖഫ് ഭരണനിർവഹണ രംഗത്ത് നിർണായക മാറ്റങ്ങൾക്ക് തുടക്കമിട്ട്, സംസ്ഥാന വഖഫ് ബോർഡിലേക്ക് രണ്ട് ഹിന്ദു പ്രതിനിധികളെ നിയമിച്ചുകൊണ്ട് മധ്യപ്രദേശിലെ മോഹൻ യാദവ് സർക്കാർ ബോർഡ് പുനസംഘടിപ്പിച്ചു. 2025-ലെ വഖഫ് ഭേദഗതി നിയമപ്രകാരം വഖഫ് ബോർഡിലേക്ക് മുസ്ലീം ഇതര മതസ്ഥരെ ഉൾപ്പെടുത്തി പുനസംഘടന നടത്തുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി ഇതോടെ മധ്യപ്രദേശ് മാറി. വഖഫ് നിയമത്തിലെ സെക്ഷൻ 12(1) പ്രകാരമുള്ള പുതിയ ഗസറ്റ് വിജ്ഞാപനം കഴിഞ്ഞ ഞായറാഴ്ചയാണ് ബിജെപി സർക്കാർ പുറത്തിറക്കിയത്. 1995-ലെ വഖഫ് നിയമപ്രകാരം വഖഫ് ബോർഡുകളിൽ മുസ്ലീം വിഭാഗത്തിൽപ്പെട്ടവർക്ക് മാത്രമായിരുന്നു അംഗത്വത്തിന് അർഹതയുണ്ടായിരുന്നത്. എന്നാൽ കഴിഞ്ഞ വർഷം പ്രാബല്യത്തിൽ വന്ന കേന്ദ്ര ഭേദഗതി നിയമം അനുസരിച്ച് ബോർഡിൽ മുസ്ലീം ഇതര വിഭാഗങ്ങളിൽ നിന്നുള്ള രണ്ട് പേരെക്കൂടി ഉൾപ്പെടുത്തണമെന്ന വ്യവസ്ഥ പാലിച്ചാണ് നിലവിലെ ഈ നടപടി.
സൻവാർ പട്ടേലിനെ ചെയർമാനാക്കി രൂപീകരിച്ച പത്തംഗ സംസ്ഥാന വഖഫ് ബോർഡിൽ മനോജ് മൽപാനി, അനിമേഷ് ഭാർഗവ എന്നിവരാണ് പുതുതായി നിയമിതരായ ഹിന്ദു അംഗങ്ങൾ. ഇവരെ കൂടാതെ ഡൽഹിയിൽ നിന്നുള്ള നജ്മ ഹെപ്തുള്ള, ഭോപ്പാലിൽ നിന്നുള്ള ആതിഫ് അഖീൽ, ഉജ്ജയിനിൽ നിന്നുള്ള ഫൈസാൻ ഖാൻ, ഇൻഡോറിൽ നിന്നുള്ള ഫാത്തിമ ചൗധരി, ഷയ്സ്ത സുൽത്താൻ, ഷബാന ഖാൻ എന്നിവരും പുതിയ സമിതിയിലുണ്ട്. സംസ്ഥാന പിന്നാക്ക-ന്യൂനപക്ഷ ക്ഷേമ വകുപ്പ് കമ്മീഷണർ ബോർഡിലെ എക്സ് ഒഫീഷ്യോ അംഗമായി പ്രവർത്തിക്കും. സംസ്ഥാനത്തെ വഖഫ് സ്വത്തുക്കളുടെ പൂർണ്ണമായ മേൽനോട്ടവും ഭരണപരമായ ചുമതലകളും നിർവഹിക്കുന്ന ഈ ബോർഡിന്റെ പുനസംഘടന ദേശീയതലത്തിൽ തന്നെ വലിയ ശ്രദ്ധയാകർഷിച്ചിരിക്കുകയാണ്.



