മൾട്ടിപ്പിൾ സ്ക്ലീറോസിസ് (MS) ഉൾപ്പെടെയുള്ള പുറമേയ്ക്ക് പ്രകടമാകാത്ത അദൃശ്യ ഭിന്നശേഷി (Invisible Disabilities) രോഗബാധിതർക്ക് പൂർണ്ണ പിന്തുണയുമായി ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. വി. ഡി. സതീശൻ. രോഗബാധിതരുടെ കൂട്ടായ്മയായ ‘എം.എസ് ഹാർമണി’ ഭാരവാഹികൾ ഇന്ന് രാവിലെ കൊച്ചിയിലെ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി അദ്ദേഹത്തിന് ഔദ്യോഗികമായി നിവേദനം സമർപ്പിച്ചു. രോഗികൾ നിത്യേന നേരിടുന്ന അതീവ ഗുരുതരമായ വിവിധ പ്രശ്നങ്ങളെക്കുറിച്ച് അദ്ദേഹം ഭാരവാഹികളിൽ നിന്നും നേരിട്ട് ചോദിച്ചറിഞ്ഞു.
രോഗബാധിതർ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് സർക്കാർ കൃത്യമായി പഠിക്കുമെന്നും ആവശ്യമായ എല്ലാ പിന്തുണയും നൽകുമെന്നും മുഖ്യമന്ത്രി ഉറപ്പു നൽകി. നിലവിൽ മൾട്ടിപ്പിൾ സ്ക്ലീറോസിസ് രോഗികൾക്കായി പ്രത്യേക ക്ലിനിക്ക് നടത്തി കൃത്യമായ ചികിത്സ നൽകുന്ന ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടുമായും മെഡിക്കൽ കോളേജുകളിലെ മറ്റ് വിദഗ്ദ്ധരുമായും കൂടിയാലോചിച്ച് സംസ്ഥാനത്ത് കൃത്യമായ ഒരു ചികിത്സാ മാർഗ്ഗരേഖ (Clinical Protocol) രൂപീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ ബഡ്ജറ്റിൽ മൾട്ടിപ്പിൾ സ്ക്ലീറോസിസ് പോലെയുള്ള അപൂർവ്വ രോഗങ്ങൾക്ക് ആവശ്യമായ ചികിത്സ ലഭ്യമാക്കുന്നതിനായി പ്രത്യേക ഫണ്ട് വകയിരുത്തിയിട്ടുള്ള കാര്യം അദ്ദേഹം ചൂണ്ടിക്കാണിച്ചു. കൂടാതെ, കാരുണ്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ (KASP) ഉൾപ്പെടുത്തി ഇത്തരം രോഗികൾക്ക് വൈകല്യങ്ങൾ തടയുന്നതിന് ആവശ്യമായ പല വിലകൂടിയ മരുന്നുകളും ലഭ്യമാക്കാൻ സാധിക്കുമെന്നാണ് മനസ്സിലാക്കുന്നതെന്നും, ഇതിനാവശ്യമായ തുടർനടപടികൾ എന്തൊക്കെയാണെന്ന് ബന്ധപ്പെട്ട അധികാരികളുമായി സംസാരിച്ച് അടിയന്തരമായി നടപ്പിലാക്കുമെന്നും അദ്ദേഹം ഭാരവാഹികൾക്ക് ഉറപ്പുനൽകി.
കേരളത്തെ ഇന്ത്യയിലെ ആദ്യത്തെ ‘അദൃശ്യ ഭിന്നശേഷി സൗഹൃദ സംസ്ഥാനം’ (Invisible Disability Friendly State) ആക്കി മാറ്റണമെന്നും, അതിനായി ആരോഗ്യ വകുപ്പും സാമൂഹ്യനീതി വകുപ്പും സംയുക്തമായി ചേർന്ന് ആവശ്യമായ നയരൂപീകരണങ്ങൾ നടപ്പിലാക്കണമെന്നും എം.എസ് ഹാർമണി ഭാരവാഹികൾ അദ്ദേഹത്തോട് വിനീതമായി അഭ്യർത്ഥിച്ചു. രോഗികളുടെയും അവരുടെ കുടുംബങ്ങളുടെയും ഉന്നമനത്തിനായി എല്ലാ തരത്തിലും സർക്കാർ കൂടെയുണ്ടാകുമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.



