സംസ്ഥാനത്തെ മുഴുവൻ കുടുംബങ്ങൾക്കും 25 ലക്ഷം രൂപയുടെ ചികിത്സാ പരിരക്ഷ ഉറപ്പാക്കുന്ന ‘ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി’ ഉടൻ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ പ്രഖ്യാപിച്ചു. ചോദ്യോത്തര വേളയിൽ എംഎൽഎമാരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകവെയാണ്, സാധാരണക്കാരുടെ ചികിത്സാച്ചെലവ് ലഘൂകരിക്കുന്നതിനായുള്ള ഈ വൻ പദ്ധതിയുടെ പ്രഖ്യാപനം മുഖ്യമന്ത്രി നടത്തിയത്. പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി ആരോഗ്യവകുപ്പിനെയും ധനകാര്യ വകുപ്പിനെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. ഈ ഇൻഷുറൻസ് നടപ്പിലാക്കിയാൽ സ്വകാര്യ ആശുപത്രികൾ വളരുകയും സർക്കാർ ആശുപത്രികൾ പൂട്ടുകയും ചെയ്യുമെന്നത് വിചിത്രമായ വാദമാണെന്ന് മുഖ്യമന്ത്രി വിമർശിച്ചു. നിലവിലുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതികളെല്ലാം സ്വകാര്യ ആശുപത്രികളെക്കൂടി ഉൾപ്പെടുത്തിയാണ് പ്രവർത്തിക്കുന്നത്. പുതിയ പദ്ധതിയിൽ സർക്കാർ, സ്വകാര്യ ആശുപത്രികൾ ഒരുപോലെ പങ്കാളികളാകുമെന്നും ഇൻഷുറൻസ് കമ്പനികളുമായി വിശദമായ ചർച്ചകൾ നടത്തിയ ശേഷമായിരിക്കും ഇത് നടപ്പിലാക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവിലുള്ള മെഡിസെപ്പ് പദ്ധതിയെക്കുറിച്ച് ഒട്ടേറെ പരാതികൾ ഉയരുന്നുണ്ടെന്നും സംസ്ഥാനത്ത് അപൂർവ്വ രോഗങ്ങൾ ഉൾപ്പെടെ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ആരോഗ്യസ്ഥിതി ഗുരുതരമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഒരു രോഗം വരുമ്പോൾ കുടുംബങ്ങൾ തകരുന്ന അവസ്ഥയാണ് നിലവിലുള്ളത്. ആശുപത്രി ബില്ലുകൾ അടയ്ക്കാനായി പലരും വീട് പണയപ്പെടുത്തേണ്ടി വരുന്നു. ചികിത്സാച്ചെലവ് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിലൊന്നായ കേരളത്തിൽ, വിശദമായ പഠനം നടത്തിയ ശേഷമാണ് പ്രകടനപത്രിക തയ്യാറാക്കിയത്. മൃതദേഹങ്ങൾ വിട്ടുകിട്ടാൻ ജനപ്രതിനിധികൾ ഗ്യാരണ്ടി നിൽക്കേണ്ടി വരുന്ന സാഹചര്യം വരെയുണ്ടായിട്ടുണ്ട്. നിലവിലുള്ള മറ്റ് ആരോഗ്യ ആനുകൂല്യങ്ങളൊന്നും പുതിയ ഇൻഷുറൻസ് പദ്ധതി കാരണം ജനങ്ങൾക്ക് നഷ്ടമാകില്ല. നമ്മളെയെല്ലാം കാരുണ്യപ്രവർത്തനങ്ങൾ ചെയ്യാൻ പ്രേരിപ്പിച്ച ഉമ്മൻചാണ്ടിയെന്ന വലിയ മനുഷ്യന്റെ പേരാണ് പദ്ധതിക്ക് നൽകിയിരിക്കുന്നത്. ഇൻഷുറൻസ് പദ്ധതിയിൽ സർക്കാരിന്റെ പ്രീമിയം തുക എത്രയെന്ന് ഇപ്പോൾ കൃത്യമായി പറയാനാകില്ലെന്നും പരിശോധനകൾക്ക് ശേഷമേ അത് വ്യക്തമാകൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ക്ഷേമ പെൻഷൻ വർദ്ധനവ് സർക്കാരിന്റെ സജീവ പരിഗണനയിലുണ്ടെന്നും മുൻ എൽഡിഎഫ് സർക്കാരിന്റെ കാലത്തുണ്ടായതുപോലുള്ള കാലതാമസം ഈ സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി. ഈ മാസത്തെ പെൻഷൻ വിതരണം 24-ാം തീയതി മുതൽ ആരംഭിക്കും. എന്നാൽ പെൻഷൻ ഗുണഭോക്താക്കളുടെ പട്ടിക കർശനമായി പരിശോധിക്കേണ്ടതുണ്ടെന്നും അനർഹരായ നിരവധിപ്പേർ നിലവിൽ ഈ പട്ടികയിലുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. കെഎസ്ആർടിസിയുമായി ബന്ധപ്പെട്ട പ്രിയദർശനി പദ്ധതിയെക്കുറിച്ച് ഓർഡിനറി ബസുകൾ പോലും ഫാസ്റ്റാക്കി മാറ്റി എന്ന തരത്തിൽ വ്യാപകമായ കള്ളപ്രചാരണമാണ് നടക്കുന്നത്. പ്രിയദർശനി പദ്ധതിയുടെ കൂടുതൽ വിശദാംശങ്ങൾ ഗതാഗതമന്ത്രി സഭയെ അറിയിക്കുമെന്നും ഈ പദ്ധതി പ്രകാരം 800 കോടി രൂപ സർക്കാർ കെഎസ്ആർടിസിക്ക് നൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കൃത്യമായ തുക കണ്ടെത്തി നൽകുന്നതിനൊപ്പം കെഎസ്ആർടിസിയെ സ്വയംപര്യാപ്തമാക്കുകയാണ് ലക്ഷ്യം. സർക്കാരിന് വ്യക്തമായ സാമ്പത്തിക നയമുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.



