CMRL-എക്സാലോജിക് മാസപ്പടി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പരിശോധന വീണ്ടും ശക്തമാക്കി. കോഴിക്കോട് ഉൾപ്പെടെ എട്ടിടങ്ങളിലാണ് രണ്ടാം ഘട്ട റെയ്ഡ് നടക്കുന്നത്. കേസിൽ സ്വത്തുക്കൾ കണ്ടുകെട്ടുന്ന (അറ്റാച്ച്മെന്റ്) നടപടികളിലേക്ക് കടക്കുന്നതിന് മുന്നോടിയായാണ് ഈ പരിശോധന. ഒരു സേവനവും നൽകാതെ 2.78 കോടി രൂപ സി.എം.ആർ.എല്ലിൽ നിന്ന് എക്സാലോജിക് അനധികൃതമായി കൈപ്പറ്റിയെന്നും ഇത് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്റെ പരിധിയിൽ വരുമെന്നുമാണ് ഇ.ഡിയുടെ കണ്ടെത്തൽ. ഈ തുക എങ്ങോട്ടാണ് പോയത് എന്നതിനെ കേന്ദ്രീകരിച്ചാണ് നിലവിലെ അന്വേഷണം പുരോഗമിക്കുന്നത്.
കേസുമായി ബന്ധപ്പെട്ട് മുൻപ് മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ ടി.എയെ ഇ.ഡി രണ്ട് തവണ ചോദ്യം ചെയ്തിരുന്നു. സി.എം.ആർ.എല്ലിന് നൽകിയ സേവനങ്ങൾ, കമ്പനിയിൽ നിന്ന് ലഭിച്ച പണം എന്തിനായി ഉപയോഗിച്ചു എന്നീ കാര്യങ്ങളിലായിരുന്നു ചോദ്യം ചെയ്യൽ. കേസിൽ എസ്.എഫ്.ഐ.ഒ സമർപ്പിച്ച കുറ്റപത്രത്തിന്റെ 134 അനുബന്ധ രേഖകൾ ലഭിച്ചതിനെ തുടർന്ന് ഇ.ഡി ഇവയുടെ പരിശോധനയും ആരംഭിച്ചിട്ടുണ്ട്. ആദ്യഘട്ടത്തിൽ സി.എം.ആർ.എൽ എം.ഡി ശശിധരൻ കർത്തയുടെ ഭാര്യ ജയ എസ്. കർത്ത, മകൾ ഷിബി എസ്. കർത്ത, മകൻ ശരൻ എസ്. കർത്ത എന്നിവരുൾപ്പെടെ ആറുപേരെ ഇ.ഡി ചോദ്യം ചെയ്തിരുന്നു.



