എ.ഐ.സി.സി ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിനിടെ വന്ദേമാതരം ആലാപനം തടസ്സപ്പെടുത്താൻ ശ്രമിച്ചെന്ന ആരോപണത്തിൽ ലഭിച്ച പരാതികളിൽ ഡൽഹി പോലീസ് അന്വേഷണം ആരംഭിച്ചു. സോണിയ ഗാന്ധിക്കെതിരായ പരാതികളിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചതോടെ വിഷയം രാഷ്ട്രീയമായി കടുപ്പിക്കാനാണ് ബി.ജെ.പി തീരുമാനം. ഇതിന്റെ ഭാഗമായി എല്ലാ സംസ്ഥാനങ്ങളിലും സോണിയ ഗാന്ധിക്കെതിരെ പരാതി നൽകാൻ ബി.ജെ.പി നീക്കം നടത്തുന്നുണ്ട്.
വന്ദേമാതര നിയമത്തിലെ വ്യവസ്ഥകൾ ലംഘിച്ചതായി ചൂണ്ടിക്കാട്ടി ഡൽഹിയിലും കർണാടകയിലും പരാതികൾ ലഭിച്ചിട്ടുണ്ടെങ്കിലും ഇതുവരെ കേസെടുത്തിട്ടില്ല. ആലാപനം സോണിയ ഗാന്ധി മനഃപൂർവം തടസ്സപ്പെടുത്തിയെന്ന് ബി.ജെ.പി ആരോപിക്കുമ്പോൾ, വന്ദേമാതര ബില്ലിലെ ചർച്ച വേളയിൽ ജയ്റാം രമേശ് രാജ്യസഭയിൽ നടത്തിയ പ്രസംഗം പങ്കുവെച്ചാണ് കോൺഗ്രസ് ഇതിനെ പ്രതിരോധിക്കുന്നത്. അതേസമയം, തൃണമൂൽ കോൺഗ്രസും ഡി.എം.കെയും സോണിയ ഗാന്ധിക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.
മതമൗലികവാദികൾക്ക് മുന്നിൽ കീഴടങ്ങുന്നത് കോൺഗ്രസിന്റെ സ്ഥിരം നയമായി മാറിയെന്നും പ്രീണന രാഷ്ട്രീയത്തിനായി സ്വാതന്ത്ര്യ സമര സേനാനികളെ അവർ അപമാനിക്കുകയാണെന്നും ആരോപിച്ച് ബി.ജെ.പി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ രംഗത്തെത്തിയതോടെയാണ് വിവാദം കൂടുതൽ ശക്തമായത്.



