എറണാകുളത്തെ മൾട്ടിപ്ലക്സുകളിലും തീയറ്ററുകളിലും ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ഉദ്യോഗസ്ഥ സംഘം മിന്നൽ റെയ്ഡ് നടത്തി മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തു. ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് തുടങ്ങിയ കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിൽ കഫേകളിൽ അമിതവില ഈടാക്കുന്നുവെന്ന പരാതി സത്യമാണെന്ന് തെളിഞ്ഞു. മൾട്ടിപ്ലക്സുകളിൽ പോപ്‌കോൺ, ശീതളപാനീയങ്ങൾ എന്നിവയ്ക്ക് പൊതുവിപണിയേക്കാൾ അഞ്ചിരട്ടിയും സാധാരണ തീയറ്ററുകളിൽ രണ്ടിരട്ടിയും വില ഈടാക്കുന്നതായി ജില്ലാ സപ്ലൈ ഓഫീസർ വി.ആർ. ഷാജിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കണ്ടെത്തി. ഇത് സംബന്ധിച്ച് സർക്കാരിന് റിപ്പോർട്ട് നൽകുമെന്നു വ്യക്തമാക്കി തീയറ്റർ മാനേജർമാർക്ക് നോട്ടീസ് നൽകുകയും പൊതുവിപണിക്ക് അനുയോജ്യമായ രീതിയിൽ നിരക്കുകൾ പുനഃക്രമീകരിക്കാൻ നിർദേശിക്കുകയും ചെയ്തു.
വിലവിവരപ്പട്ടിക കൃത്യമായി പ്രദർശിപ്പിക്കാത്തതിനും അളവിൽ കുറവു വരുത്തിയതിനുമാണ് മൂന്ന് കഫേകൾക്കെതിരെ നിയമനടപടി സ്വീകരിച്ചത്. ക്യു.ആർ കോഡ് സ്കാൻ ചെയ്താൽ മാത്രം വില അറിയാൻ സാധിക്കുന്ന നിലവിലെ രീതി സാധാരണക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്ന് സംഘം വിലയിരുത്തി. എന്നാൽ തീയറ്ററുകളിൽ സൗജന്യ കുടിവെള്ള സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. രാവിലെ 11 മുതൽ വൈകിട്ട് 4 വരെ നീണ്ട റെയ്ഡിൽ ലീഗൽ മെട്രോളജി ഡെപ്യൂട്ടി കൺട്രോളർ സന്തോഷ് എൻ.സി, അസിസ്റ്റന്റ് കൺട്രോളർ വേണു കെ.ബി, താലൂക്ക് സപ്ലൈ ഓഫീസർ മറീന ജോൺ, ഫുഡ് സേഫ്റ്റി ഓഫീസർ ദിവ്യ കെ. ഡിനിഷ്യസ് എന്നിവരുൾപ്പെടുന്ന സംഘമാണ് പങ്കെടുത്തത്. പരിശോധന സജീവമായതോടെ തിങ്കൾ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ പോപ്പ്കോൺ 99 രൂപയ്ക്ക് ലഭ്യമാക്കുമെന്നും ടിക്കറ്റ് നിരക്കിൽ ഇളവ് നൽകുമെന്നും മൾട്ടിപ്ലക്സ് മാനേജ്മെന്റുകൾ അറിയിച്ചു. വരും ദിവസങ്ങളിലും ജില്ലയിലെ കൂടുതൽ തീയറ്ററുകളിൽ തനിഖ നടത്താനാണ് അധികൃതരുടെ തീരുമാനം.



