അന്താരാഷ്ട്ര സൗഹൃദ ഫുട്ബോൾ മത്സരത്തിൽ ഇന്ത്യ ഇന്ന് മുൻ ലോക ചാമ്പ്യന്മാരായ ഉറുഗ്വേയെ നേരിടും. കൊൽക്കത്തയിൽ രാത്രി ഏഴരയ്ക്കാണ് പോരാട്ടം ആരംഭിക്കുന്നത്. ലോകകപ്പ് ടീമായ പനാമയോട് ഓരോ ഗോൾ സമനില വഴങ്ങുകയും ബ്രസീലിനോട് നാല് ഗോളുകൾക്ക് തോൽക്കുകയും ചെയ്തതിന് ശേഷമാണ് ഇന്ത്യൻ നിര ഇന്ന് കളത്തിലിറങ്ങുന്നത്. ഫിഫ റാങ്കിംഗിൽ ഉറുഗ്വേ 20-ാം സ്ഥാനത്തും ഇന്ത്യ 138-ാം സ്ഥാനത്തുമാണ് നിൽക്കുന്നത്. ബ്രസീലിനേക്കാൾ ശാരീരികക്ഷമതയിൽ മുന്നിലുള്ള ഉറുഗ്വേയെ പ്രതിരോധിക്കാൻ ഇന്ത്യൻ പരിശീലകൻ ഖാലിദ് ജമീൽ എന്ത് തന്ത്രങ്ങളാകും പുറത്തെടുക്കുകയെന്ന ആകാംക്ഷയിലാണ് ഫുട്ബോൾ ആരാധകർ.
ഫെഡറിക്കോ വെൽവെർദേ, റൊണാൾഡ് അറൗഹോ, ഡാർവിൻ നുനിയസ് തുടങ്ങിയ പ്രമുഖ താരങ്ങൾ അണിനിരക്കുന്ന ഉറുഗ്വേ മുൻനിരയെ തടഞ്ഞുനിർത്താൻ ഗോൾകീപ്പർ ഗുർപ്രീത് സിംഗ് സന്ധുവിനും മലയാളി താരം ബിജോയ് വർഗീസ്, അൻവർ അലി, ആകാശ് മിശ്ര എന്നിവരുൾപ്പെടുന്ന പ്രതിരോധ നിരയ്ക്കും കഠിനാധ്വാനം ചെയ്യേണ്ടിവരും. മലയാളി താരങ്ങളായ ആഷിക് കുരുണിയൻ, മുഹമ്മദ് സനാൻ, സഹൽ അബ്ദുൽ സമദ് എന്നിവർക്കൊപ്പം റയാൻ വില്യംസിന്റെ ബൂട്ടുകളിലാണ് ഇന്ത്യയുടെ ഗോൾ പ്രതീക്ഷകൾ. 2010 ലോകകപ്പിലെ ടോപ് സ്കോററും ഐ.എസ്.എല്ലിൽ മുംബൈ സിറ്റി താരവുമായിരുന്ന ഡീഗോ ഫോർലാൻ പരിശീലകനായിട്ടാണ് ഇത്തവണ ഇന്ത്യയിലെത്തുന്നത്. ബ്രസീലിനെതിരായ മത്സരത്തിൽ കാണികൾ കുറഞ്ഞതിനെ തുടർന്ന് ഉറുഗ്വേയ്ക്കെതിരായ പോരാട്ടത്തിന്റെ ടിക്കറ്റ് നിരക്ക് 1999 രൂപയിൽ നിന്ന് 199 രൂപയായി കുറച്ചിട്ടുണ്ട്.



