ഇന്ത്യൻ ടി20 ടീമിന്റെ ഓപ്പണിംഗ് കോംബിനേഷനെക്കുറിച്ചുള്ള ചർച്ചകളിലും വിമർശനങ്ങളിലും നിലപാട് വ്യക്തമാക്കി മുഖ്യപരിശീലകൻ ഗൗതം ഗംഭീർ. മലയാളി താരം സഞ്ജു സാംസണും അഭിഷേക് ശർമ്മയും മികച്ച പ്രകടനം പുറത്തെടുക്കുന്ന സാഹചര്യത്തിൽ, യുവതാരം വൈഭവ് സൂര്യവംശിക്ക് അവസരങ്ങൾക്കായി കാത്തിരിക്കേണ്ടി വരുമെന്ന് ഗംഭീർ വ്യക്തമാക്കി. ‘ജിയോസ്റ്റാറിന്റെ ഫോളോ ദി ബ്ലൂസ്: ഗൗതം ഗംഭീർ അൺഫിൽട്ടേർഡ്’ എന്ന പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വൈഭവ് മികച്ച ഫോമിലാണെങ്കിലും ടീമിനായി ദീർഘകാലമായി കളിച്ച് തെളിയിച്ചവർ ഉള്ളപ്പോൾ കാത്തിരിക്കേണ്ടി വരുമെന്ന് താരത്തെ നേരിട്ട് സംസാരിച്ച് ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും ഗംഭീർ വെളിപ്പെടുത്തി.
സോഷ്യൽ മീഡിയയോ പുറത്തുനിന്നുള്ള ബഹളങ്ങളോ അല്ല ഇന്ത്യയുടെ പ്ലേയിംഗ് ഇലവനെ തീരുമാനിക്കുന്നതെന്ന് വ്യക്തമാക്കിയ ഗംഭീർ, ടീമിനെ വിജയിപ്പിക്കാൻ കഴിവുള്ള ഏറ്റവും അനുയോജ്യരായ താരങ്ങളെയാണ് പരിശീലകനും ക്യാപ്റ്റനും ചേർന്ന് തിരഞ്ഞെടുക്കുന്നതെന്ന് കൂട്ടിച്ചേർത്തു. കഴിഞ്ഞ ഒന്നര-രണ്ട് വർഷമായി മികച്ച സ്വാധീനമുണ്ടാക്കിയ സഞ്ജു-അഭിഷേക് കൂട്ടുകെട്ടിനെ മൂന്നോ നാലോ മത്സരങ്ങളിലെ പരാജയത്തിന്റെ പേരിൽ പെട്ടെന്ന് തഴയാനാകില്ല. ഡ്രെസ്സിങ് റൂമിൽ കളിക്കാർക്ക് സുരക്ഷിതത്വ ബോധം നൽകേണ്ടതുണ്ടെന്നും ജനപ്രിയ തീരുമാനങ്ങളേക്കാൾ ശരിയായ തീരുമാനങ്ങൾ എടുക്കുക എന്നതാണ് പ്രധാനം എന്നും അദ്ദേഹം വ്യക്തമാക്കി. ഒന്നോ രണ്ടോ മോശം പരമ്പരകൾ ഒരു കളിക്കാരനെയോ ടീമിനെയോ മോശമാക്കുന്നില്ലെന്നും തങ്ങളുടെ തീരുമാനങ്ങൾ ശരിയായിരുന്നുവെന്നും ഗംഭീർ കൂട്ടിച്ചേർത്തു.



