സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ നേരിട്ടിരുന്ന മരുന്ന് പ്രതിസന്ധിക്ക് പരിഹാരമാകുന്നു. ഡോക്സിസൈക്ലിൻ, പ്രമേഹ രോഗത്തിനുള്ള മരുന്നുകൾ, മന്ത് രോഗ പ്രതിരോധ മരുന്നുകൾ എന്നിവയുടെ ആദ്യ ബാച്ചുകൾ സംസ്ഥാനത്ത് എത്തിച്ചേർന്നു. ഏഴിനം മരുന്നുകളുടെയും കുട്ടികൾക്കുള്ള വൈറ്റമിൻ മരുന്നുകളുടെയും സ്റ്റോക്ക് ഇന്ന് തന്നെ വെയർഹൗസുകളിൽ എത്തും. ആസ്പിരിൻ അടക്കമുള്ള പത്തോളം മരുന്നുകൾ കൂടി ഉടൻ എത്തിക്കുമെന്നും, ഓർഡർ ചെയ്ത മുഴുവൻ മരുന്നുകളും ഈ മാസം 15-ഓടെ ലഭ്യമാകുമെന്നും കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡ് (കെ.എം.എസ്.സി.എൽ) അറിയിച്ചു.
അതേസമയം, സർക്കാർ ആശുപത്രികളിലെ മരുന്ന് പ്രതിസന്ധിയെക്കുറിച്ചുള്ള വാർത്തകൾക്ക് പിന്നിൽ വിദേശ കമ്പനികളുടെ കുതന്ത്രമാണെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി. മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന തരത്തിലുള്ള കടുത്ത മരുന്ന് ക്ഷാമം സംസ്ഥാനത്തില്ലെന്നും, ചില മരുന്നുകളുടെ താത്കാലിക കുറവ് മാത്രമാണ് നിലവിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. പശ്ചിമേഷ്യൻ യുദ്ധസാഹചര്യങ്ങൾ കാരണം ചില കമ്പനികൾ വിതരണത്തിൽ നിന്ന് പിന്മാറിയതാണ് പ്രതിസന്ധിക്ക് കാരണമായത്. കുറവുള്ള മരുന്നുകൾ റെഡി പർച്ചേസ് വഴി അടിയന്തരമായി വാങ്ങുന്നുണ്ട്. ഗുണനിലവാരം കുറഞ്ഞ കമ്പനികളെ ഒഴിവാക്കിയതും പോരായ്മകൾ പരിഹരിച്ച് മുന്നോട്ടുപോകുന്നതും ചൂണ്ടിക്കാട്ടിയ മന്ത്രി, സർക്കാർ മേഖലയെ മോശമാക്കി ചിത്രീകരിക്കാനുള്ള നീക്കങ്ങളിൽ സർക്കാർ വീഴില്ലെന്നും കൂട്ടിച്ചേർത്തു.



