സംസ്ഥാനത്തെ രൂക്ഷമായ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ കെ. സി. വേണുഗോപാൽ എം.പി നടത്തിയ ഇടപെടലിനെ തുടർന്ന് ഹിമാചൽ പ്രദേശിൽ നിന്ന് കേരളത്തിലേക്ക് 250 മെഗാവാട്ട് വൈദ്യുതി ലഭിക്കും. ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയുമായി കെ. സി. വേണുഗോപാൽ നടത്തിയ ചർച്ചയിലാണ് ഇതുസംബന്ധിച്ച് ധാരണയായത്. മുൻപ് തമിഴ്നാടിന് നൽകിയിരുന്ന വിഹിതത്തിൽ കുറവ് വരുത്തിയാണ് ഈ 250 മെഗാവാട്ട് വൈദ്യുതി കേരളത്തിന് ലഭ്യമാക്കുന്നത്.
അതേസമയം, കേരളത്തിൽ പവർക്കട്ടും വൈദ്യുതിക്ഷാമവും സർക്കാരിന് വലിയ തലവേദന സൃഷ്ടിക്കുമ്പോൾ അയൽസംസ്ഥാനമായ തമിഴ്നാട്ടിലും സമാനമായ രീതിയിൽ രൂക്ഷമായ വൈദ്യുതി മുടക്കമാണ് അനുഭവപ്പെടുന്നത്. തമിഴ്നാട്ടിൽ ഡി.എം.കെ ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ ഇതിനെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തിയതിന് പുറമേ, ഭരണമുന്നണിയിലെ പ്രധാന ഘടകകക്ഷിയായ വി.സി.കെയും അതൃപ്തി പരസ്യമാക്കി. വെല്ലൂരിൽ റവന്യൂ-ദുരന്തനിവാരണ വകുപ്പ് മന്ത്രി കെ. എ. സെങ്കോട്ടയ്യൻ മാധ്യമങ്ങളെ കാണുന്നതിനിടെ അപ്രതീക്ഷിതമായി വൈദ്യുതി ബന്ധം നിലച്ചത് തത്സമയം സംപ്രേഷണം ചെയ്യപ്പെട്ടത് തമിഴ്നാട് സർക്കാരിന് വലിയ രാഷ്ട്രീയ തിരിച്ചടിയായി. ഇതിന് പിന്നാലെ രാത്രികാലങ്ങളിലെ തുടർച്ചയായ പവർകട്ടിൽ പ്രതിഷേധിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ജനങ്ങൾ തെരുവിലിറങ്ങി പ്രതിഷേധിക്കാൻ തുടങ്ങിയതോടെ സ്ഥിതിഗതികൾ കൂടുതൽ സങ്കീർണ്ണമായിട്ടുണ്ട്.



