കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ ഇറാന്റെ 10 എണ്ണ ടാങ്കർ കപ്പലുകൾ തകർത്തതായി അമേരിക്കൻ സൈന്യം അറിയിച്ചു. യു.എസ് നാവികസേനയുടെ യുദ്ധക്കപ്പലുകൾക്ക് നേരെ ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ച് ആക്രമണം നടത്താനുള്ള ഇറാന്റെ ശ്രമം പരാജയപ്പെടുത്തിയതായും അതിന് തിരിച്ചടിയായാണ് ഇറാനിയൻ ടാങ്കറുകൾ ആക്രമിച്ചതെന്നും യു.എസ് സെൻട്രൽ കമാൻഡ് (സെന്റകോം) വ്യക്തമാക്കി. ഒമാൻ ഉൾക്കടലിലും ഇറാനിലെ ഖാർഗ് ദ്വീപിന് സമീപത്തുമാണ് അമേരിക്കൻ സേന ടാങ്കറുകൾ തകർത്തത്. കഴിഞ്ഞ രണ്ടു ദിവസത്തിനിടെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐ.ആർ.ജി.സി) അമേരിക്കൻ യുദ്ധക്കപ്പലുകൾക്ക് നേരെ നടത്തിയ ആക്രമണങ്ങൾക്ക് മറുപടിയായാണ് ഈ നടപടിയെന്നും സെന്റകോം കൂട്ടിച്ചേർത്തു.
അതേസമയം, അമേരിക്കൻ സൈനിക നടപടിക്ക് പ്രതികാരമായി ജോർദാനിലെ യു.എസ് സൈനിക താവളത്തിൽ ആക്രമണം നടത്തിയതായി ഐ.ആർ.ജി.സി അറിയിച്ചു. ഇറാനിൽ നിന്ന് തൊടുത്തുവിട്ട 20 ബാലിസ്റ്റിക് മിസൈലുകളിൽ 18 എണ്ണവും തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനം വഴി നശിപ്പിച്ചതായി ജോർദാൻ സ്റ്റേറ്റ് ന്യൂസ് ഏജൻസി വ്യക്തമാക്കി. ജനവാസമില്ലാത്ത പ്രദേശങ്ങളിൽ പതിച്ച ബാക്കി രണ്ട് മിസൈലുകൾ മൂലം ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. മേഖലയിൽ സംഘർഷം രൂക്ഷമായതോടെ അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില ബാരലിന് 100 ഡോളർ കടന്നു.



