കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ യു.എ.ഇ ഡെപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് അബ്ദുള്ള ബിൻ സായിദ് അൽ-നഹ്യാനുമായി കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള സമഗ്ര തന്ത്രപരമായ പങ്കാളിത്തത്തിന്റെ പശ്ചാത്തലത്തിൽ ഉഭയകക്ഷി, ആഗോള വിഷയങ്ങൾ ഇരുനേതാക്കളും ചർച്ച ചെയ്തു. ശൈഖ് അബ്ദുള്ളയുമായി ഊഷ്മളവും ഫലപ്രദവുമായ കൂടിക്കാഴ്ചയാണ് നടന്നതെന്നും, തന്ത്രപരമായ പങ്കാളിത്തത്തിന്റെ അടിസ്ഥാനത്തിൽ വിവിധ വിഷയങ്ങളിൽ കാഴ്ചപ്പാടുകൾ പങ്കുവെച്ചതായും കൂടിക്കാഴ്ചയ്ക്ക് ശേഷം എസ്. ജയ്ശങ്കർ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ കുറിച്ചു.
അബുദാബിയിൽ നടന്ന ‘റെയ്സിന ഡയലോഗിന്റെ’ മിഡിൽ ഈസ്റ്റ് സെഷനിലും ശൈഖ് അബ്ദുള്ളയ്ക്കൊപ്പം ജയ്ശങ്കർ പങ്കെടുത്തു. ‘ദി വേൾഡ് എഹെഡ്: പവർ, പർപ്പസ് & പോസിബിലിറ്റി’ എന്ന പ്രമേയത്തിൽ നടന്ന ചർച്ചയിൽ ആഗോള വ്യവസ്ഥിതിയിൽ ദ്രുതഗതിയിലുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ച് അദ്ദേഹം ചൂണ്ടിക്കാട്ടി. ആഗോള ക്രമത്തിലെ മാറ്റങ്ങളുടെ വേഗത തിരിച്ചറിയേണ്ടത് അത്യന്താപേക്ഷിതമാണെന്നും, മാറുന്ന സാഹചര്യങ്ങൾക്കനുസരിച്ച് രാജ്യങ്ങൾ പുതിയ പങ്കാളിത്തങ്ങളും ബദലുകളും തിരയുകയാണെന്നും അദ്ദേഹം പറഞ്ഞു. അതിനാൽ പരമ്പരാഗത മേഖലകൾക്കപ്പുറത്തേക്ക് ചിന്തിച്ച് തന്ത്രപരമായ അവബോധം വളർത്തിയെടുക്കേണ്ടത് ആവശ്യമാണ്. ബഹുരാഷ്ട്ര സംഘടനകളുടെയും സംവിധാനങ്ങളുടെയും നവീകരണം അടിയന്തിരമായി നടപ്പിലാക്കണമെന്നും ചെറിയ കൂട്ടായ്മകൾക്ക് ഈ പ്രക്രിയയെ പിന്തുണയ്ക്കാൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ഒരു പതിറ്റാണ്ടിലെ ഇന്ത്യ-യു.എ.ഇ പങ്കാളിത്തം മാറുന്ന ആഗോള അന്തരീക്ഷത്തോട് ഇരു രാജ്യങ്ങളും എങ്ങനെ പോസിറ്റീവായി പ്രതികരിക്കുന്നു എന്നതിന്റെ മികച്ച ഉദാഹരണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സന്ദർശനത്തിനിടെ ജോർജിയൻ വിദേശകാര്യമന്ത്രി മാക ബോച്ചോറിഷ്വിലിയുമായും ജയ്ശങ്കർ ചർച്ചകൾ നടത്തി. വ്യാപാരം, ടൂറിസം, വിദ്യാഭ്യാസം, കണക്റ്റിവിറ്റി, സാംസ്കാരിക സഹകരണം, പ്രാദേശിക വിഷയങ്ങൾ എന്നിവയാണ് ഇരുവരും പ്രധാനമായും സംസാരിച്ചത്. ഒക്ടോബർ 14 മുതൽ 16 വരെയുള്ള മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി അബുദാബിയിലെത്തിയ ജയ്ശങ്കറിനെ യു.എ.ഇ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി റീം അൽ ഹാഷിമിയുടെ നേതൃത്വത്തിലാണ് സ്വീകരിച്ചത്. പശ്ചിമേഷ്യയിൽ സംഘർഷാവസ്ഥ നിലനിൽക്കുന്ന പ്രത്യേക സാഹചര്യത്തിലാണ് വിദേശകാര്യമന്ത്രിയുടെ ഈ സന്ദർശനം നടക്കുന്നത്.



