കിർഗിസ്ഥാനിൽ നടന്ന ഷാങ്ഹായ് സഹകരണ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാനും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിൽ പ്രതികരണവുമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. ഇന്ത്യയും ഇറാനും തമ്മിൽ വ്യാപാര കരാർ ഉണ്ടെന്ന് കരുതുന്നില്ലെന്ന് വ്യക്തമാക്കിയ റൂബിയോ, യുഎസ് ഉപരോധങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ഇറാനെ സഹായിക്കുന്ന രാജ്യങ്ങൾക്കെതിരെ കർശന ഉപരോധ നടപടികൾ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി. എല്ലാ രാജ്യങ്ങൾക്കും അവരുടേതായ വിദേശനയമുണ്ടെന്നും പലരും ഇറാൻ ഭരണകൂടവുമായി സംസാരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ഭീകരതയെ സ്പോൺസർ ചെയ്യുന്നതിനോ ആണവായുധങ്ങൾ നിർമ്മിക്കുന്നതിനോ ഇറാനെ സഹായിക്കുന്ന തരത്തിൽ വരുമാനമുണ്ടാക്കാൻ അവസരമൊരുക്കരുതെന്നും, അത്തരം തീരുമാനങ്ങളെടുക്കുന്ന രാജ്യങ്ങൾക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കിർഗിസ്ഥാനിലെ ബിഷ്കെക്കിൽ നടന്ന ഉച്ചകോടിക്കിടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറാൻ പ്രസിഡന്റും തമ്മിൽ കൂടിക്കാഴ്ച നടത്തിയത്. ഇന്ത്യ-ഇറാൻ ഉഭയകക്ഷി ബന്ധവും മേഖലയിലെ തന്ത്രപ്രധാന സംഭവവികാസങ്ങളും ചർച്ചയായ കൂടിക്കാഴ്ചയിൽ, പശ്ചിമേഷ്യയിലെ പ്രതിസന്ധികൾ നയതന്ത്ര തലത്തിൽ പരിഹരിക്കണമെന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചത്. ഉച്ചകോടിക്ക് മുൻപായി ഇറാൻ യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും എന്നാൽ ഏത് തരത്തിലുള്ള അധിനിവേശത്തെയും ശക്തമായി ചെറുക്കുമെന്നും പ്രസിഡന്റ് പെസഷ്കിയാൻ വ്യക്തമാക്കിയിരുന്നു.



