സംസ്ഥാനത്തെ മാനസിക ആരോഗ്യ കേന്ദ്രങ്ങളിൽ കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾ നടക്കുന്നുവെന്ന് ഹൈക്കോടതി. മതിയായ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമാണ് ഇതിന് കാരണമെന്നും, രോഗികൾ തടവറകളിലെന്ന പോലെയാണ് കഴിയുന്നതെന്നും കോടതി രൂക്ഷമായി വിമർശിച്ചു. കേവലം മരുന്ന് നൽകി രോഗികളെ ഉറക്കിക്കിടത്തുകയല്ല വേണ്ടത് എന്നും ഇത്തരം ലംഘനങ്ങൾ തുടരുന്നത് ലജ്ജാകരമാണെന്നും കോടതി ചൂണ്ടിക്കാട്ടി. മതിയായ സൗകര്യങ്ങളില്ലെന്ന കാരണം പറഞ്ഞ് രോഗികളെ സെല്ലുകളിൽ അടച്ചിടാനാകില്ലെന്ന് വ്യക്തമാക്കിയ ഹൈക്കോടതി, ഡോക്ടർമാരും നഴ്സുമാരും ഇവിടെ നിസ്സഹായരാണെന്ന് നിരീക്ഷിച്ചു. രോഗികളെ സെല്ലുകളിൽ മാത്രം തടയാതെ പുറത്തിറങ്ങാനും മാനസിക ഉല്ലാസത്തിനുമുള്ള അവസരമൊരുക്കി അവരുടെ സന്തോഷവും ക്ഷേമവും ഉറപ്പാക്കണമെന്നും സർക്കാരിനോട് അഭ്യർത്ഥിച്ചു.
ഇക്കാര്യത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് നിർദേശിച്ച കോടതി, കേന്ദ്രങ്ങളിൽ ആവശ്യത്തിന് മരുന്നുകൾ ഉറപ്പാക്കണമെന്നും ചുറ്റുമതിൽ കൃത്യമായി നിർമ്മിക്കണമെന്നും ഉത്തരവിട്ടു. അതോടൊപ്പം ആവശ്യത്തിന് ജീവനക്കാരെ അടിയന്തരമായി നിയമിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. മാനസിക ആരോഗ്യ കേന്ദ്രങ്ങളെ വെൽനെസ്സ് സെന്ററുകളാക്കി മാറ്റാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത ഹൈക്കോടതി, കേസ് അടുത്ത ചൊവ്വാഴ്ച വീണ്ടും പരിഗണിക്കാൻ മാറ്റി.



