India Mirror News

ആക്ഷൻ പായ്ക്കറ്റ് യഷ് ചിത്രം: ഗീതു മോഹൻദാസിന്റെ ‘ടോക്സിക്’ ദൈർഘ്യം മൂന്ന് മണിക്കൂറിന് മുകളിൽ

ആക്ഷൻ പായ്ക്കറ്റ് യഷ് ചിത്രം: ഗീതു മോഹൻദാസിന്റെ ‘ടോക്സിക്’ ദൈർഘ്യം മൂന്ന് മണിക്കൂറിന് മുകളിൽ

ഒരു കാലത്ത് തിയേറ്ററുകൾക്കും അണിയറപ്രവർത്തകർക്കും വെല്ലുവിളിയായിരുന്ന മൂന്ന് മണിക്കൂറിലധികം ദൈർഘ്യമുള്ള ചിത്രങ്ങൾ ഇന്ന് ബിഗ് കാൻവാസ് സിനിമകളുടെ വിജയസൂത്രമായി മാറുകയാണ്. ഈ നിരയിലേക്ക് പുതിയൊരു ബിഗ് സ്കെയിൽ ചിത്രമായി യഷ് നായകനാകുന്ന ‘ടോക്സിക്’ എത്തുന്നു. ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് 191 മിനിറ്റ് (3 മണിക്കൂറും 11 മിനിറ്റും) ദൈർഘ്യമുണ്ടെന്നും സെൻസറിംഗ് പൂർത്തിയായ ചിത്രത്തിന് ‘എ’ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നതെന്നും പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഓഗസ്റ്റ് 26-ന് ആഗോളതലത്തിൽ തിയറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ ട്രെയിലറിന് വലിയ പ്രേക്ഷകശ്രദ്ധയാണ് ലഭിച്ചത്. ആക്ഷനും ഇമോഷനും വയലൻസിനും പ്രാധാന്യമുള്ള ചിത്രത്തിൽ യഷ് ഇരട്ട വേഷത്തിലാകും എത്തുന്നതെന്നാണ് ട്രെയിലർ നൽകുന്ന സൂചന.

യഷും ഗീതു മോഹൻദാസും ചേർന്ന് തിരക്കഥയൊരുക്കി കന്നഡയിലും ഇംഗ്ലീഷിലും ഒരേസമയം ചിത്രീകരിച്ച ഈ ചിത്രം ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിൽ ഡബ്ബ് ചെയ്ത് ആഗോള പ്രേക്ഷകരിലേക്ക് എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. രാജീവ് രവി (ഛായാഗ്രഹണം), രവി ബസ്രൂർ (സംഗീതം), ഉജ്വൽ കുൽക്കർണി (എഡിറ്റിംഗ്), ടി.പി. അബിദ് (പ്രൊഡക്ഷൻ ഡിസൈൻ) തുടങ്ങിയ പ്രമുഖരാണ് അണിയറയിൽ പ്രവർത്തിക്കുന്നത്. ഹോളിവുഡ് ആക്ഷൻ ഡയറക്ടർ ജെ.ജെ. പെറിയും അൻപറിവ്, കേച ഖംഫാക്ഡി എന്നിവരും ചേർന്നാണ് ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത്. കെ.വി.എൻ പ്രൊഡക്ഷൻസ്, മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസ് എന്നിവയുടെ ബാനറിൽ വെങ്കട് കെ. നാരായണയും യാഷും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ പി.ആർ.ഒ പ്രതീഷ് ശേഖറാണ്.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *